SHARE

ഐ.എസ്.എല്ലിലെ സൂപ്പർ ക്ലബായ എ.ടി.കെയിലേക്ക് സ്പാനിഷ് താരം അർമാൻഡോ സോസ പെന എത്തുന്നു. മൻഡി എന്ന് വിളിക്കപ്പെടുന്ന ഈ മിഡ്ഫീൽഡർ ടീമിലെത്തിയ വിവരം ക്ലബ് അധികൃതർ തന്നെയാണ് അറിയിച്ചത്. പരുക്കേറ്റ അയർലൻഡ് താരം കാൾ മക്കഹോയ്ക്ക് പകരമാണ് മൻഡി എത്തുന്നത്

ഡിഫൻസീവ് മിഡ്ഫീൽഡറായ മൻഡി റയൽ മഡ്രിഡിന്റെ ബി ടീമിൽ കളിച്ചിട്ടുണ്ട്. എൽഷെ, അൽമെയ്റ, സ്പോർട്ടിങ് ജിജോൺ തുടങ്ങിയ ക്ലബുകൾക്കായി സ്പാനിഷ് ലീ​ഗിലെ രണ്ടാം ഡിവിഷനിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ എ- ലീ​ഗിൽ കളിക്കുന്ന ന്യൂസിലൻഡ് ക്ലബായ വെല്ലിങ്ടൻ ഫീനിക്സിൽ മൻഡി എത്തി. എന്നാൽ ജൂലൈയിൽ കരാർ അവസാനിച്ച മൻഡി ഫ്രീ ഏജന്റായി. ഇതോടെയാണ് പരിക്കേറ്റ താരത്തിന് പകരമായി കൊൽക്കത്തയിലെത്തുന്നത്.

മൻഡി കൂടി എത്തുമ്പോൾ ഓസ്ട്രേലിയൻ ലീ​ഗിൽ നിന്ന് എ.ടി.കെയിലെത്തിയ കളിക്കാരുടെ എണ്ണം നാലാകും. റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, ഡാരിയോ വിഡോസിച്ച് എന്നിവരാണ് നേരത്തെ ഐ- ലീ​ഗിൽ കളിച്ചത്. ഇവരെല്ലാവരും തന്നെ വെല്ലിങ്ടൻ ഫീനികിസിന്റെ താരങ്ങളായിരുന്നു എന്നതും ശ്രദ്ധേയം