SHARE

ഐ.എസ്.എൽ കിരീടനേട്ടത്തിനൊപ്പം എ.എഫ്.സി.കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിലേക്കും നേരിട്ട് യോ​ഗ്യത ലഭിച്ചതോടെ എ.ടി.കെ വരും സീസണിനായി വലിയ ഒരുക്കങ്ങളിലാണ്. മോഹൻ ബ​ഗാനുമായി ലയനം നടന്നെങ്കിലും നിലവിലെ എ.ടി.കെയ്ക്ക് തന്നെയായിരിക്കും പുതിയ ടീമിലും മേധവിത്വം. അന്റോണിയോ ലോപ്പസ് ഹബാസ് പരിശീലകനായി തുടരുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ വിദേശ താരങ്ങളുടെ കാര്യത്തിലും ക്ലബിൽ ഏതാണ്ട് വ്യക്തത വന്നു.

നിലവിലെ ടീമിലുള്ള നാല് വിദേശ താരങ്ങളെ നിലനിർത്താനുള്ള സാധ്യതകളാണ് കൂടുതലെന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ കൂടിയായ ഫിജി താരം റോയ് കൃഷ്ണ, ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ്, ഇം​ഗ്ലീഷ് പ്രതിരോധതാരം ജോൺ ജോൺസൻ, സ്പാനിഷ് മാധ്യനിര താരം ജാവി ഹെർണാണ്ടസ് എന്നിവരെ നിലനിർത്താനാണ് എ.ടി.കെ ആലോചിക്കുന്നത്. ഈ നാല് പേർക്കും അടുത്ത സീസൺ കൂടി കരാറുണ്ട്. ഇവർക്ക് പുറമെ സ്പാനിഷ് താരങ്ങളായ എഡു ​ഗാർസിയ, മൻഡി സോസ, വിക്ടർ മോം​ഗിൽ എന്നിവരാണ് എ.ടി.കെയിലെ മറ്റ് വിദേശ താരങ്ങൾ. എന്നാൽ ഈ താരങ്ങൾക്ക് കരാർ നീട്ടാനിടയില്ല.

റോയ് കൃഷ്ണയേയും വില്യംസിനേയും നിലനിർത്തുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാൽ ജോൺസന്റേയും ജാവിയുടേയും കാര്യത്തിൽ സീസൺ അവസാനത്തോടെ മാത്രമാണ് തീരുമാനമെടുത്തതെന്നാണ് സൂചന. ബ​ഗാനുമായി ലയിക്കുമ്പോൾ അവിടെ നിന്നുള്ള വിദേശതാരങ്ങൾക്കും അതിന് പുറമെ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നവർക്കുമായാണ് മൂന്ന് സ്ഥാനം ഒഴിച്ചിട്ടേക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മുന്നേറ്റതാരം ബാബാ ദിയാവറ, മധ്യനിരതാരങ്ങളായ ഫ്രാൻ ​ഗോൺസാൽവസ്, ജോസെബാ ബെയ്റ്റിയ എന്നിവർ ഇക്കുറി ബ​ഗാനിൽ മിന്നിയ വിദേശതാരങ്ങളാണ്. ഇവർ മൂവരേയും സ്വന്തമാക്കിയില്ലെങ്കിലും ഒരാളെങ്കിലും പുതിയ ടീമിൽ തുടരാൻ സാധ്യതയുണ്ട്. ബെം​ഗളുരുവിന്റെ ഓസ്ട്രേലിയൻ മധ്യനിരതാരം എറിക്ക് പാർത്താലുവിനായും എ.ടി.കെ ശ്രമം നടത്തുന്നുണ്ട്.