SHARE

നാളെ എ.ടി.കെയ്ക്കെതിരെ ഐ.എസ്.എല്ലിൽ നിർണായക മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസവാർത്ത. എ.ടി.കെ. മുന്നേറ്റത്തിന് കുതിപ്പ് പകരുന്ന ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ് നാളെ കളിക്കാനിടയില്ലെന്നതാണ് വിജയം മാത്രം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആശ്വസം പകരുന്നത്.

മത്സരത്തിന് മുന്നോടിയായ നടന്ന പത്രസമ്മേളനത്തിൽ എ.ടി.കെ പരിശീലൻ അന്റോണിയോ ലോപ്പസ് ഹബാസാണ് വില്യംസ് കളിക്കുന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്. വില്യംസിന് പരുക്കുണ്ട്, അതിനാൽ തന്നെ നാളെത്തെ മത്സരത്തിൽ വില്യംസ് കളിക്കുമോയെന്ന കാര്യം സംശയമാണ്, മത്സരത്തിന് തൊട്ടുമുമ്പ് മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകു, ഹബാസ് പറഞ്ഞു. അതേസമയം തന്നെ തന്റെ ഫുട്ബോൾ രീതി വ്യക്തി​ഗതമികവുകളെ മാത്രം അശ്രിച്ചല്ലെന്നും, അതിനാൽ വില്യംസ് ഇല്ലെങ്കിൽ തന്നെ വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എസ്.എല്ലിൽ മിന്നുന്ന ഫോമിലാണ് ഡേവിഡ് വില്യംസ്. എ.ടി.കെയ്ക്കായി ഇതുവരെ അഞ്ച് ​ഗോളുകൾ നേടിയ വില്യംസ് മൂന്ന് ​ഗോളുകൾക്ക് വഴിയൊരുക്കി. റോയ് കൃഷ്ണയുമായുള്ള വില്യംസിന്റെ കിടിലൻ കൂട്ടുകെട്ടാണ് ഇക്കുറി എ.ടി.കെയുടെ കുതിപ്പിന് കരുത്തേകുന്നത്.