SHARE

ഏ.എഫ്.സി കപ്പ് ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് തയ്യാറെടുക്കുകയാണ് എ.ടി.കെ മോഹൻ ബ​ഗാൻ. മാലിദ്വീപിലാണ് എ.ടി.കെ അടങ്ങുന്ന ​ഗ്രൂപ്പിന്റെ മത്സരങ്ങൾ. കോവിഡ് രൂക്ഷമാകുന്നതോടെ മത്സരങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് മാലിദ്വീപ് ഫുട്ബോൾ അധികൃതർ ഏ.എഫ്.സിയെ അറിയിച്ചിരുന്നു. എന്നാൽ മത്സരങ്ങൾ മുൻനിശ്ചയിച്ച പോലെ നടത്താനാണ് ഏ.എഫ്.സി തീരുമാനം.

അടുത്ത ആഴ്ചയാണ് എ.ടി.കെയുടെ മത്സരങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ന് കൊൽക്കത്തയിൽ കോവിഡ് പരിശോധന നടത്തിയ ശേഷം ടീം മാലിദ്വീപിലേക്ക് പോകും. എന്നാൽ പല സൂപ്പർതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ടാകില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ടീമിലെ പ്രധാന വിദേശതാരങ്ങളായ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് എന്നിവർ ഇതുവരെ ടീമിനൊപ്പം ചേർന്നില്ല. ഫിജിയിൽ ലോക്ക്ഡൗൺ വന്നതോടെ റോയിയും, ഓസ്ട്രേലിയ ഇന്ത്യയിലേക്കുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കാത്ത സാഹചര്യത്തിൽ വില്യംസും എ.എഫ്.സി കപ്പ് കളിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ടീമിന്റെ സ്പാനിഷ് പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസും ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. ടിരി, കാൾ മ​ഗ്ഹോ എന്നിവരാണ് എ.ടി.കെ സ്ക്വാഡിലുൾപ്പെട്ട മറ്റ് വിദേശികൾ. എന്നാൽ ഇവർ കളിക്കുമോയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

എ.ടി.കെ ക്യാപ്റ്റന്മാരിലൊരാളും ​ഗോൾ കീപ്പറുമായ അരിന്ദം ഭട്ടാചാര്യയും ടീമിനൊപ്പം ചേർന്നേക്കില്ല. അരന്ദത്തിന്റെ അമ്മ കോവിഡിനെത്തുടർന്ന് ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ അരിന്ദം കൊൽക്കത്തയിൽ തുടർന്നേക്കുമെന്നാണ് ​ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.