SHARE

ഐ.എസ്.എൽ ക്ലബ് എ.ടി.കെ മോഹൻ ബ​ഗാനുമായി കരാർ പുതുക്കി പ്രതിരോധതാരം പ്രഭീർദാസ്. മൂന്ന് വർഷത്തേക്ക് കൂടിയാണ് റൈറ്റ് ബാക്കായ പ്രഭീർ കരാർ പുതുക്കിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ടീമിന്റെ കിരീടനേട്ടത്തിൽ നിർണായകമായിരുന്ന പ്രഭീർ തുടരുമെന്ന് വ്യക്തമായതോടെ ആരാധകരുടെ ആശങ്കയുമൊഴിഞ്ഞു.

മോഹൻ ബ​ഗാനിലും ഡെംപോയിലുമൊക്കെ കളിച്ച പ്രഭീർ 2016 മുതൽ എ.ടി.കെയുടെയൊപ്പമുണ്ട്. ഇക്കഴിഞ്ഞ സീസണിൽ ക്ലബിനായി 20 മത്സരങ്ങളിലാണ് പ്രഭീർ കളിച്ചത്. ഇതിൽ നിന്ന് അഞ്ച് ​ഗോളുകൾക്ക് ഈ 26-കാരൻ വഴിയൊരുക്കി. വലതുവിങ്ങിലൂടെ കുതിച്ചുകയറി പ്രഭീർ നൽകുന്ന ക്രോസുകൾ എതിർ ബോക്സുകളിൽ ഭീതി വിതയ്ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. താരത്തിന്റെ ഈ മികവിൽ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസും വിശ്വാസമർപ്പിക്കുന്നുണ്ടെന്നാണ് കരാർ പുതുക്കുന്നതിലൂടെ വ്യക്തമായത്.

എ.ടി.കെയ്ക്കൊപ്പം രണ്ട് ഐ.എസ്.എൽ കിരീടങ്ങളിൽ പ്രഭീർ പങ്കാളിയായിട്ടുണ്ട്. ബ​ഗാനൊപ്പം ഐ-ലീ​ഗും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിലേക്ക് പ്രഭീറിന് വിളിയെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ സീനിയർ ടീമിനായി കളിക്കാനായിട്ടില്ല.