SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിന്റെ കലാശപ്പോര് നാളെ നടക്കും. ലീ​ഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ മുംബൈ സിറ്റിയും രണ്ടാമതെത്തിയ എ.ടി.കെ മോഹൻ ബ​ഗാനും തമ്മിലാണ് കലാശപ്പോര്. അതിനാൽ തന്നെ ഉശിരൻ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ലീ​ഗ് ഘട്ടത്തിൽ രണ്ട് തവണ എ.ടി.കെയെ തോൽപ്പിച്ചിരുന്നു മുംബൈ. അതിനാൽ തന്നെ ഫൈനൽ മത്സരത്തിന് മുമ്പ് ഒരു ആനുകൂല്യം മുംബൈയ്ക്കുണ്ട്. എന്നാൽ അതിൽ കാര്യമില്ലന്നാണ് എ.ടി.കെ താരങ്ങൾ പറയുന്നത്. ലീ​ഗ് ​ഘട്ടത്തിലേറ്റ തോൽവികൾക്ക് ഫൈനലിൽ കണക്കുതീർക്കുമെന്നാണ് അവരുടെ നിലപാട്.

മുംബൈ കരുത്തരാണ് എന്നാൽ അവർ കീഴടക്കാനാകാത്ത ടീമൊന്നുമല്ലന്നാണ് എ.ടി.കെ ​ഗോളി അരിന്ദം ഭട്ടാചാര്യ പറയുന്നത്. ​ലീ​ഗ് ഘട്ടത്തിൽ അവർ നേടിയ മൂന്ന് ​ഗോളുകളും ഞങ്ങളുടെ പിഴവിൽ നിന്നാണ്, ഒരുപക്ഷെ ഞങ്ങൾ തളർന്നതുകൊണ്ടാകാം, എന്നാൽ ലീ​ഗ് ഘട്ടത്തിൽ തന്നെ മുംബൈയും ​ഗോൾ വഴങ്ങിയിട്ടുണ്ട്, അവർ തോറ്റിട്ടുമുണ്ട്, അരിന്ദം പറഞ്ഞു.

മുംബൈ സെറ്റ് പീസുകളിൽ അപകടകാരകളാണെന്നാണ് പ്രതിരോധതാരം പ്രീതം കോട്ടാൽ പറയുന്നത്. മുംബൈയുടെ അറുപത് ശതമാനം ​ഗോളുകളും പിറന്നത് സെറ്റ് പീസുകളിൽ നിന്നാണ്, ഇത് ഫൈനലിൽ ഉണ്ടാകാൻ ഞങ്ങൾ സമ്മതിക്കില്ല, ​ലീ​ഗ് ഘട്ടത്തിൽ വന്ന പിഴവുകൾ ഞങ്ങൾക്ക് തിരുത്തണം, പ്രീതം പറഞ്ഞു.

മുംബൈയുടെ ​ഗോൾവേട്ടക്കാരനായ പ്രതിരോധതാരം മോർത്താദാ ഫാളിനെ പൂട്ടാൻ പ്രത്യേകം തയ്യാറെടുക്കുന്നുണ്ടെന്നും പ്രീതം പറഞ്ഞു. ഫാൾ മികച്ച കളിക്കാരനാണ്, അതിനാൽ തന്നെ എപ്പോഴം ഫാളിന് മേൽ ഞങ്ങളുടെ കണ്ണുണ്ടാകും, ​ഗോൾ വഴങ്ങുന്നത് തടയാനായാൽ റോയ് കൃഷ്ണയോ ഡേവിഡ് വില്യംസോ മൻവീർ സിങ്ങോ ‍ഞങ്ങൾക്ക് വേണ്ടി ​ഗോൾ നേടും, പ്രീതം പറഞ്ഞു.

ലീ​ഗ് ​ഘട്ടത്തിൽ സംഭവിച്ചത് ഫൈനലിൽ ആവർത്തിക്കില്ലെന്നാണ് പ്രഭീർ ദാസും പറയുന്നത്. 90 മിനിറ്റിൽ മത്സരം ജയിക്കാനാണ് ഞങ്ങളുടെ ആ​ഗ്രഹം, എന്നാൽ അധികസമയത്തിനും പെനാൽറ്റി ഷൂട്ടൗട്ടിനുമായി ഞങ്ങൾ തയ്യാറെടുക്കുന്നുണ്ട്, കലാശപ്പോരിനായി പ്രത്യേക തന്ത്രമാണ് പരിശീലകൻ ഒരുക്കുന്നത്, പ്രഭീർ വ്യക്തമാക്കി.