SHARE

എഫ് സി ഗോവ വിട്ട സ്പാനിഷ് മധ്യനിര താരം മാനുവല്‍ ലാന്‍സറോട്ടെ എ ടി കെയിലെത്തുമെന്ന സൂചന. ഐ എസ് എല്ലിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വിദേശതാരമാവാന്‍ ലാന്‍സറോട്ടെ ഒരുങ്ങുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

1.91 കോടി രൂപയുടെ വാര്‍ഷികക്കരാറില്‍ ഗോവയില്‍ കളിച്ച ലാന്‍സറോട്ടെ കഴിഞ്ഞ ദിവസമാണ് പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസം വെളിപ്പെടുത്തി ക്ലബ് വിട്ടത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ ചുവടുമാറ്റം. സീസണില്‍ 13 ഗോളുകള്‍ നേടിയ താരം ഗോവന്‍ മുന്നേറ്റത്തില്‍ കോറോ മിനാസിനൊപ്പം മികച്ച കുട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ടീമിനെ സെമിഫൈനലില്‍ എത്തിക്കുന്നതിലും ലാന്‍സറോട്ടെ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

പുതിയ റിപ്പോര്‍ട്ട് പ്രകാരം എ ടി കെ താരത്തിന് വമ്പന്‍ ഓഫറാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ബെംഗളുരു താരം മിക്കുവിന് 3.25 കോടിയാണ് ക്ലബ് നല്‍കുന്നത്. ഇതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ലാന്‍സറോട്ടെക്ക് എ ടി കെ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗോവ വിട്ട താരം അടുത്ത തവണയും ഐ എസ് എല്ലില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.