SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേഓഫിലേക്ക് യോഗ്യത നേടാമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. സ്വന്തം മൈതാനത്ത് എഫ്‌സി ഗോവയുടെ തകര്‍പ്പന്‍ ജയമാണ് മഞ്ഞപ്പടയുടെ നേരിയ പ്രതീക്ഷകളെ കരിച്ചുണക്കിയത്. എടികെയെ 5-1നാണ്‌ ഗോവ മറികടന്നത്. കളിയുടെ ആദ്യ 21 മിനിറ്റില്‍ തന്നെ ഗോവ മൂന്നു തവണ വലകുലുക്കിയിരുന്നു.

എടികെയോട് ഗോവ തോറ്റിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധ്യതകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വ്യാഴാഴ്ച്ച ബെംഗളൂരുവിനെ ബ്ലാസ്‌റ്റേഴ്‌സ് തോല്പിക്കുകയും ജെംഷഡ്പൂര്‍-ഗോവ മത്സരം സമനിലയാകുകയോ ഗോവ ജയിക്കുകയോ മതിയായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ച് മനോഹര ഫുട്‌ബോളാണ് ഗോവ കാഴ്ച്ചവച്ചത്. രണ്ടു മാറ്റങ്ങളുമായി കളിക്കാനിറങ്ങിയ ഗോവ ആദ്യം വലകുലുക്കുന്നത് പത്താം മിനിറ്റിലാണ്. ഹ്യൂഗോ ബോമസിന്റെ പാസില്‍ സെര്‍ജി ജെസ്റ്റിന്റെ വക ഗോള്‍. ഒരു ഗോള്‍ പിന്നിലായതോടെ കളി മറന്ന എടികെയുടെ വലയില്‍ പതിനഞ്ചാം മിനിറ്റില്‍ ഗോവ വീണ്ടും പന്തെത്തിച്ചു.

മാനുവല്‍ ലാന്‍സറോട്ടയുടെ വകയായിരുന്നു രണ്ടാം ഗോള്‍. ഇരുപത്തൊന്നാം മിനിറ്റില്‍ ലാന്‍സെറോട്ട വീണ്ടും എടികെയ്ക്ക് പ്രഹരം നല്കി. പ്രണോയി ഹാല്‍ദറിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. മാര്‍ച്ച് നാലിന് ജെംഷഡ്പൂരിനെതിരേ നടക്കുന്ന മത്സരത്തില്‍ ഒരു സമനില ഉണ്ടെങ്കില്‍ പോലും ഗോവ സെമിയിലെത്തും. നിലവില്‍ 17 കളിയില്‍ നിന്ന് 27 പോയിന്റാണ് ഗോവയുടെ സമ്പാദ്യം. സ്റ്റീവ് കോപ്പലിന്റെ ടീമിന് 26 പോയിന്റും. മുംബൈ ഇനിയുള്ള രണ്ടില്‍ ഒന്നു തോല്ക്കുകയും ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത കളിയില്‍ ബെംഗളൂരുവിനെ തോല്പിക്കാനായാല്‍ അഞ്ചാം സ്ഥാനത്തോടെ ഈ സീസണ്‍ അവസാനിപ്പിക്കാം.