SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എടികെ മോഹൻ ബ​ഗാൻ പരിശീലനത്തനായി വിദേശത്തേക്ക് പറന്നു. ഏഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിനായാണ് ബ​ഗാൻ സംഘം വിദേശത്തേക്ക് പറന്നിരിക്കുന്നത്. ഒരാഴ്ചത്തെ പരിശീലനമാണന്നാണ് റിപ്പോർട്ടുകൾ.

സെംപ്റ്റംബർ 22-ന് ഉസ്ബക്കിസ്ഥാൻ ക്ലബ് എഫ്സി നസാഫുമായാണ് ബ​ഗാന്റെ മത്സരം. ഇതിനുമുമ്പായിട്ടാണ് ഒരാഴ്ചത്തെ ക്യാംപ്. ദുബായിലാണ് ഈ ക്യാംപ് നടക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റ് ഷിലാർസെ സാഹ റോയി ട്വീറ്റ് ചെയ്തത്. ടീം പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ് സ്പെയിനിൽ നിന്ന് നേരെ ക്യാംപിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശതാരങ്ങളടക്കം എല്ലാവരും ക്യാംപിൽ പങ്കെടുക്കമെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലോവായും ട്വീറ്റ് ചെയ്തു.

മാലെദ്വീപിൽ നടന്ന ഏഎഫ്സി കപ്പ് ​ഗ്രൂപ്പ് ഘട്ടത്തിൽ ജേതാക്കളായാണ് ബ​ഗാൻ ഇന്റർ സോൺ സെമി ഫൈനലിലെത്തുന്നത്. ഉസ്ബക്കിസ്ഥാൻ സൂപ്പർ ലീ​ഗിൽ കളിക്കുന്ന നസാഫിനെ വീഴ്ത്താനായാൽ ബ​ഗാന് ഇന്റർ സോൺ ഫൈനലിലെത്താം. ഹോങ്കോങ് ക്ലബ് ഇതിനകം ഫൈനലിൽ സ്ഥാനമുറപ്പിച്ചു. പിന്നീട് ഇന്റർ സോൺ ഫൈനലിലെ ജേതാക്കളും വെസ്റ്റ് ഏഷ്യ സോണൽ ഫൈനൽ ജേതാക്കളും തമ്മിലാണ് ഏഎഫ്സി കപ്പിനായുള്ള പോരാട്ടം.