ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തുന്ന ഫാക്കുൻഡോ പെരേയ്രയെ സ്വന്തമാക്കാൻ എ.ടി.കെമോഹൻ ബഗാൻ ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ചില ഇന്ത്യൻ ഫുട്ബോൾ വെബ്സൈറ്റുകൾ ഈ റിപ്പോർട്ട് നൽകിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നഞ്ചിടിപ്പ് ഉയരുകയും ചെയ്തു. എന്നാൽ ആരാധകർക്ക് ഒരു ആശ്വാസവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഫാക്കുൻഡോയെ എ.ടി.കെ സ്വന്തമാക്കില്ലെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് സാക്ഷാൽ മാർക്കസ് മെർഹുലാവോ. രാവിലെ മുതൽ ഫാക്കുൻഡോയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നതോടെയാണ് ടൈംസ് ഓഫ് ഇന്ത്യയിലെ സ്പോർട്സ് എഡിറ്ററായ മാർക്കസ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ആശങ്കപ്പെടേണ്ടതില്ലന്നും മാർക്കസിന്റെ ട്വീറ്റിലുണ്ട്.
അർജന്റൈൻ താരമായ ഫാക്കുൻഡോ ഈ സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും തിളങ്ങുന്ന ഫാക്കുൻഡോ സീസണിൽ ഏറ്റവുമധികം ഗോളവസരങ്ങൾ സൃഷ്ടിച്ച താരമാണ്. ജെംഷദ്പുരിനെതിരായ മത്സരത്തിൽ ഒരു ഗോളിന് ഫാക്കുൻഡോ അസിസ്റ്റും നൽകി.