SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എടികെ മോഹൻ ബ​ഗാൻ സീസണിലേക്കുള്ള ആദ്യ വിദേശസൈനിങ് പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ താരം ബ്രണ്ടൻ ഹാമിലാണ് ടീമിലേക്കെത്തുന്നത്. സെന്റർ ബാക്കായി കളിക്കുന്ന താരമാണ് 29-കാരനായ ഹാമിൽ.

ഓസ്ട്രേലിയയിലെ പ്രശസ്തമായ മെൽബൺ വിക്ടറിക്ക് വേണ്ടിയാണ് ഹാമിൽ ഒടുവിൽ കളിച്ചത്. അതിന് മുമ്പ് വെസ്റ്റേൺ യുണൈറ്റഡ്, വെസ്റ്റേൺ സിഡ്നി വാൻഡറേഴ്സ് എന്നീ ക്ലബുകൾക്ക് വേണ്ടിയും ഹാമിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. വാൻഡറഴേസ് 2014 ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗ് കിരീടമുയർത്തിയപ്പോൾ നിർണായക പങ്കാണ് പ്രതിരോധനിരയിൽ കളിച്ച ഹാമിൽ വഹിച്ചത്. ദക്ഷിണ കൊറിയയിലും ഹാമിൽ ക്ലബ് ഫുട്ബോൾ കളിച്ചു.

ബ​ഗാന്റെ വിദേശ നിരയിൽ ഇക്കുറി കാര്യമായ മാറ്റമുണ്ടാകുമെന്നാണ് സൂചന. സൂപ്പർതാരങ്ങളായ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ക്ലബ് വിട്ടു. കാൾ മ​ഗ്ഹ്യു, ഹ്യൂ​ഗോ ബോമോ, ജോണി കൗക്കോ, ടിരി എന്നിവരാണ് ടീമിലുള്ള വിദേശികൾ. ഇതിൽ പരുക്കിന്റെ പിടിയിലുള്ള ടിരിയും ഐഎസ്എൽ പങ്കാളിത്തം സംശയത്തിലാണ്. ഇപ്പോൾ ഹാമിലിനെ സൈൻ ചെയ്തതോടെ ടിരി ക്ലബിൽ തുടരുമോയെന്നതിലും സംശയമുയരുന്നുണ്ട്.