SHARE

ഇന്ത്യയില്‍ ഫുട്‌ബോള്‍ സീസണ്‍ അവസാനിച്ചതോടെ ടീമുകളെല്ലാം സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തുന്നതിന്റെയും പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെയും തിരക്കുകളിലാണ്. മികച്ച ടീമുകളിലേക്ക് കൂടുമാറാനുള്ള നീക്കം താരങ്ങളും നടത്തുന്നുണ്ട്.

എന്നാല്‍ പരിശീലകന്‍ ഖാലിദ് ജാമിലിനെ പുറത്താക്കിയ ഐ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാള്‍ പുതിയ കോച്ചിനെയും ടീമിനൊപ്പം എത്തിക്കാനുള്ള നീക്കത്തിലാണ്. നിലവില്‍ എ ടി കെയുടെ സഹ പരിശീലകനായ ബസ്തബ് റോയുമായി ഈസ്റ്റ് ബംഗാള്‍ ചര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റോയ് ഇക്കാര്യം സ്ഥിരീകരിച്ചതായി ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോച്ചിംഗില്‍ എ എഫ് സി – എ ലൈസന്‍സ് കൈവശമുള്ള വ്യക്തിയാണ് ബസ്തബ് റോയ്. അതു കൊണ്ട് തന്നെ അദ്ദേഹത്തെ ടീമിനൊപ്പമെത്തിക്കുന്നതില്‍ ഈസ്റ്റ് ബംഗാളിന് താല്‍പ്പര്യമുണ്ട്.

ഐ ലീഗില്‍ നാലാം സ്ഥാനത്തെത്തിയ ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ബെംഗളുരു എഫ് സിയോട് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തോല്‍വി. അതോടെ ഖാലിദ് ജാമിലിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഈസ്റ്റ് ബംഗാള്‍ പുതിയ പരിശീലകനായി ബസ്തബിനെ എത്തിക്കാന്‍ ശ്രമിക്കുന്നത്. മുന്‍ മോഹന്‍ ബഗാന്‍ താരം കൂടിയായ ബസ്തബ് 2016 മുതല്‍ എ ടി കെ പരിശീലക സംഘത്തിലുണ്ട്.