SHARE

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് സ്വന്തം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ഹോം ആനുകൂല്യം ലഭിക്കുന്നില്ലെന്നും ഇന്ത്യയിൽ സ്റ്റേഡിയങ്ങൾ നിർമ്മിച്ചിരിക്കുന്ന രീതിയാണ് ഇതിന് കാരണമെന്നും എ ടി കെ പരിശീലകൻ സ്റ്റീവ് കോപ്പൽ. കഴിഞ്ഞ‌ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കോപ്പലാശാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ഐ എസ് എൽ ടീമുകൾക്ക്‌ ചിലപ്പോൾ അധിക സമ്മർദ്ദം നേരിടേണ്ടി‌ വരുന്നുണ്ടെന്ന് കോപ്പലാശാൻ പറയുന്നു. യൂറോപ്പിൽ നിന്നും ലോകത്തെ മറ്റ് ഫുട്ബോൾ ലീഗുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇവിടുത്തെ ഹോം ആനുകൂല്യമെന്നും, പലപ്പോളും അങ്ങനൊന്ന് ടീമുകൾക്ക് ലഭിക്കാറില്ലെന്നും കോപ്പൽ അഭിപ്രായപ്പെടുന്നു. സ്റ്റേഡിയം നിർമ്മാണത്തിലെ വ്യത്യസ്തതയാണ് ഇതിന് കാരണമെന്നാണ് കോപ്പൽ പറയുന്നത്. കളി‌സ്ഥലത്ത് നിന്ന് ഏറെ പിറകിലാണ് ഇന്ത്യയിൽ ഗ്യാലറികളെന്നും ഇത് കൊണ്ട് കാണികൾക്ക്‌ സ്വന്തം ടീമിനെ വലിയ രീതിയിൽ പിന്തുണയ്ക്കാൻ കഴിയുന്നില്ലെന്നും കോപ്പൽ അഭിപ്രായപ്പെടുന്നു.

” ഇവിടെ നിങ്ങൾക്ക് 20000, 30000, 40000 കാണികളെ സ്റ്റേഡിയത്തിൽ ലഭിക്കും, എന്നാൽ പിച്ചിൽ നിന്ന് ഏറെ അകലെയിരുന്നായിരിക്കും അവർ കളി‌കാണുന്നത്. ഇങ്ങനെയാകുമ്പോൾ എങ്ങനെ ഒരു ടീമിന് സ്വന്തം ഗ്രൗണ്ടിൽ ഹോം ആനുകൂല്യം ലഭിക്കും. കോപ്പൽ ചോദിക്കുന്നു.