SHARE

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്. 2003, 2007 ഏകദിന ലോകകപ്പുകളിലും, 2006 ലെ ചാമ്പ്യൻസ് ട്രോഫിയിലും ഓസ്ട്രേലിയയെ കിരീട നേട്ടത്തിലേക്ക് നയിച്ച പോണ്ടിംഗ്, 2011 ലാണ് ഓസീസ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ഇപ്പോളിതാ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ സമയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്‌ പോണ്ടിംഗ്.

ക്യാപ്റ്റൻസി ഒഴിഞ്ഞത് ഒത്തിരി വേദനിപ്പിക്കുന്നതായിരുന്നെന്ന് വെളിപ്പെടുത്തുന്ന പോണ്ടിംഗ് ഇങ്ങനെ പറയുന്നു, “ക്യാപ്റ്റൻസി ഉപേക്ഷിക്കുന്നത് വേദനിപ്പിക്കുന്നതായിരുന്നു. എന്നാൽ അതാണ് ഓസീസ് ടീമിന് ശരിയായ സമയമെന്ന് ഞാൻ തിരിച്ചറിഞ്ഞു. അടുത്ത ഓസീസ് നായകന് ടീം കളിക്കുന്ന അടുത്ത വലിയ ടൂർണമെന്റുകൾക്ക് മുൻപ് തയ്യാറെടുപ്പിനായി ആവശ്യത്തിന് സമയം നൽകണമെന്ന് ഞാൻ കരുതി. അടുത്ത ലോകകപ്പിന് മുൻപ് മൈക്കൽ ക്ലാർക്കിന് ഏറ്റവും മികച്ച ക്യാപ്റ്റനാകാൻ ആവശ്യത്തിന് സമയം നൽകണമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. ക്യാപ്റ്റൻസി ക്ലാർക്കിന് നൽകാൻ ഏറ്റവും മികച്ച സമയം അത് തന്നെയാണെന്ന് മനസിലാക്കി ഞാൻ നായക സ്ഥാനം ഒഴിയുകയായിരുന്നു.” സ്കൈ സ്പോർട്സിനോട് സംസാരിക്കവെ പോണ്ടിംഗ് പറഞ്ഞു.

അതേ സമയം ക്രിക്കറ്റിലെ ഏറ്റവും വിജയിയായ നായകന്മാരിലൊരാളായ പോണ്ടിംഗ് 77 ടെസ്റ്റ് മത്സരങ്ങൾ, 228 ഏകദിനങ്ങൾ എന്നിവയിലാണ് ഓസീസിനെ നയിച്ചത്. ടെസ്റ്റിൽ 48 വിജയങ്ങളും, ഏകദിനത്തിൽ 162 വിജയങ്ങളുമാണ് പോണ്ടിംഗിന് കീഴിൽ ഓസീസ് നേടിയത്.