SHARE

ആഴ്സനലുമായി മൂന്ന് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെച്ച് ക്ലബ്ബിന്റെ നായകനായ പിയറി എറിക് ഔബമയാംഗ്. അടുത്ത സമ്മറിൽ ക്ലബ്ബുമായി കരാർ അവസാനിക്കാനിരുന്ന ഔബമയാംഗ് പുതിയ കരാറിൽ ഇതു വരെയും ഒപ്പുവെക്കാതിരുന്നതോടെ താരം അടുത്ത സീസണിൽ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ‌ വൈകിട്ട് ക്ലബ്ബുമായി 3 വർഷത്തേക്ക് കരാർ ദീർഘിപ്പിച്ചു കൊണ്ട് അദ്ദേഹം ഒപ്പിട്ടതോടെ അത്തരം അഭ്യൂഹങ്ങൾക്കെല്ലാം അവസാനമായി.

ഗാബോൺ താരമായ ഔബയ്ക്ക് പുതിയ കരാർ പ്രകാരം ഒരാഴ്ച 350,000 പൗണ്ട് ആഴ്സനൽ നൽകുമെന്നാണ് സൂചനകൾ. ആഴ്സനലിൽ പരിശീലകൻ മൈക്കൽ അർട്ടേറ്റയുടെ പ്രിയ താരമായ ഔബമയാംഗ്, കഴിഞ്ഞ കുറച്ച് നാളുകളായി ടീമിന്റെ ഏറ്റവും സ്ഥിരതയുള്ള താരമാണ്. നേരത്തെ ഔബ ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ ഉയർന്നപ്പോൾ, ബാഴ്സലോണ, ഇന്റർ മിലാൻ ക്ലബ്ബുകൾക്ക് അദ്ദേഹത്തെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു‌.

-Advertisement-

നേരത്തെ 2018 ൽ ജെർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നായിരുന്നു ഔബമയാംഗിനെ പീരങ്കിപ്പട ടീമിലെത്തിച്ചത്. തുടർന്നിങ്ങോട്ട് ടീമിന്റെ ഏറ്റവും പ്രധാന താരമായ ഔബ, ആഴ്സനൽ ആരാധകരുടേയും പ്രിയ താരങ്ങളിലൊരാളാണ്.