SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഏറ്റവുമധികം തവണ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടുന്ന താരമെന്ന റെക്കോർഡ് ഇനി സെർജിയോ അ​ഗ്യൂറോയ്ക്ക്. ജനുവരി മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ഏഴാം തവണ ഈ നേട്ടം കൈവരിച്ച് അർജന്റൈൻ താരം ചരിത്രം കുറിച്ചത്.

ജനുവരി മാസത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി മൂന്ന് പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ നിന്ന് ആറ് ​ഗോളുകളാണ് അ​ഗ്യൂറോ നേടിയത്. ഇതിൽ ഒരു ഹാട്രിക്കും ഉൾപ്പെടും. ഈ ​ഗോൾവേട്ടയിലൂടെയാണ് ലിവർപൂൾ താരങ്ങളായ അലിസൻ ബെക്കർ, ജോർദാൻ ഹെൻഡഴ്സൻ, ലെസ്റ്ററിന്റെ അയോസ പെരസ് തുടങ്ങിയവരെ പിന്നിലാക്കി അ​ഗ്യൂറോ പുരസ്കാരം അടിച്ചെടുത്തത്.

ആറ് തവണ ഈ പുരസ്കാരം നേടിയ ഇം​ഗ്ലീഷ് താരങ്ങളായ ഹാരി കെയിൻ, സ്റ്റീവൻ ജെറാർഡ് എന്നിവരെയാണ് അ​ഗ്യൂറോ മറികടന്നത്. 2013 ഒക്ടോബറിലാണ് ആദ്യമായി അ​ഗ്യൂറോ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടുന്നത്.