SHARE

തുടർച്ചയായി 15 ലാ ലി​ഗ സീസണുകളിൽ‍ ​ഗോൾ നേടിയ റെക്കോർഡ് ലയണൽ മെസിക്കൊപ്പം പങ്കിട്ട താരമാണ് ഇന്നലെ വിരമക്കിൽ പ്രഖ്യാപിച്ച അറിറ്റ്സ് അഡൂറിസ്. 39-ാം വയസിൽ പരുക്കിനെത്തുടർന്ന് വിരമിക്കുമ്പോൾ അഡൂറിസിന്റെ ഏറ്റവും വലിയ നഷ്ടമാകും വരാനിരിക്കുന്ന കോപ്പാ ഡെൽ റേ ഫൈനൽ.

പ്രാദേശിക വൈരികളായ റയൽ സോസിദദുമായി നടക്കുന്ന കോപ്പാ ഡെൽ റേ ഫൈനലായിരിക്കും അഡൂറിസിന്റെ അവസാന മത്സരം എന്നാണ് കരുതപ്പെട്ടിരുന്നത്. കോവിഡിനെത്തുടർന്ന് ആദ്യമായി ബാസ്ക്വെ പ്രവിശ്യയിലെ ടീമുകൾ ഏറ്റുമുട്ടുന്ന കലാശപ്പോരാട്ടം വൈകുകയാണ്. ഇത് ഇനി എന്ന് നടക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. ഇതിനിടെ കഴിഞ്ഞ ദിവസത്ത പരിശോധനയ്ക്ക് ശേഷം താരത്തോട് ഇടുപ്പിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിയിച്ചു. ഇതോടെ ഇനി കളിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

2006 മുതൽ രണ്ട് വർഷം അത്ലറ്റിക്ക് ബിൽബാവോയിൽ കളിച്ച അഡൂറിസ് പിന്നീട് ക്ലബിൽ തിരിച്ചെത്തുന്നത് 2012-ലാണ്. തുടർന്ന് എട്ട് സീസണുകളിലായി ബിൽബാവോയുടെ മിന്നും താരമാണ് അഡൂറിസ്. ഈ ലാ ലി​ഗ സീസൺ തുടക്കത്തിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയ്ക്കെതിരെ ബൈസിക്കിൾ കിക്കിലൂടെ വിജയ​ഗോൾ നേടിയാണ് തുടർച്ചയായ 15-ാം സീസണിലും അഡൂറിസ് വലകുലുക്കിയത്.

പിന്നാലെ പരുക്കിന്റെ പിടിയിലായതോടെ സീസണിൽ താരത്തിന്റെ അവസരങ്ങൾ കുറഞ്ഞു. ബാഴ്സക്കെതിരായ മത്സരത്തിന് ശേഷം 13 ലീ​ഗ് മത്സരങ്ങളിൽ മാത്രമാണ് അഡൂറിസ് കളിച്ചത്. എല്ലാം പകരക്കാരനായിട്ട് മാത്രമായിരുന്നു. പിന്നീട് ​ഗോളൊന്നും നേടാനും അഡൂറിസിനായില്ല.