SHARE

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് 48 റൺസ് ജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 382 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 333/8 എന്ന സ്കോർ വരെയെത്താനെ കഴിഞ്ഞുള്ളൂ. ഹിമാലയൻ വിജയലക്ഷ്യമാണ് പിന്തുടരാനുണ്ടായിരുന്നതെങ്കിലും പതറാതെ പൊരുതി നോക്കിയതിന് ശേഷമാണ് ബംഗ്ലാദേശ് പരാജയം സമ്മതിച്ചത്‌. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീം ബംഗ്ലാ ബാറ്റിംഗിൽ മികച്ചുനിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് തുടക്കം മുതൽ തകർത്തടിക്കുകയായിരുന്നു. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്നുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 121 റൺസ് പടുത്തുയർത്തി. തുടർന്നാണ് 53 റൺസെടുത്ത ഫിഞ്ച് പുറത്തായത്. 51 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 53 റൺസെടുത്ത ഫിഞ്ചിനെ സൗമ്യ സർക്കാരാണ് പുറത്താക്കിയത്.

പിന്നാലെ വാർണറിന് കൂട്ടായി ഉസ്മാൻ ഖവാജ എത്തി. ഇരുവരും ചേർന്ന് അതിവേ​ഗം സ്കാർ ഉയർത്തി. ഈ കൂട്ടുകെട്ട് അവസാനിച്ചത് സ്കോർ 313-ൽ നിൽക്കെയാണ്. 147 പന്തിൽ 14 ഫോറും അഞ്ച് സിക്സുമടക്കം 166 റൺസെടുത്ത വാർണറിന്റേയും വിക്കറ്റ് സർക്കാറിന് തന്നെയായിരുന്നു. വാർണറും ഖവാജയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 192 റൺസായിരുന്നു അടിച്ചുകൂട്ടിയത്.

വാർണർ പോയതിന് പിന്നാലെ മറ്റൊരു വെടിക്കെട്ടുകാരൻ ​ഗ്ലെൻ മാക്സ്വെൽ എത്തി. വെറും പത്ത് പന്തുകളിൽ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 32 റൺസെടുത്ത മാക്സ്വെൽ റണ്ണൗട്ടാകുമ്പോൾ ഓസീസ് സ്കോർ 353. തൊട്ടുപിന്നാലെ തന്നെ ഖവാജയും പുറത്തായി. 72 പന്തിൽ‍ പത്ത് ഫോറോടെ 89 റൺസെടുത്ത ഖവാജയുടെ വിക്കറ്രും സൗമ്യ സർക്കാർ തന്നെ വീഴ്ത്തി. പിന്നാലെ സ്റ്റീവൻ സ്മിത്തും വന്നപോലെ പുറത്തായി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 10 റൺസെടുത്ത ഓപ്പണർ സൗമ്യ സർക്കാരിന്റെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. 62 റൺസെടുത്ത തമീം ഇഖ്ബാലും, 41 റൺസെടുത്ത ഷക്കീബ് അൽഹസനും മികച്ച രീതിയിൽബാറ്റ് ചെയ്ത് വരവെയാണ് പുറത്തായത്. നാലാമനായി ബാറ്റിംഗിനിറങ്ങിയ മുഷ്ഫിഖുർ റഹീം 97 പന്തിൽ 9 ബൗണ്ടറികളും ഒരു‌ സിക്സറുമടക്കം നേടിയ 102 റൺസോടെ മത്സരത്തിൽ പുറത്താകാതെ നിന്നു. 50 പന്തിൽ 69 റൺസെടുത്ത മഹ്മുദുള്ളയും ബംഗ്ലാദേശിന്‌വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചു.