SHARE

പാകിസ്ഥാനെതിരെ നടന്ന് കൊണ്ടിരിക്കുന്ന അഞ്ചാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടി ഓസ്‌ട്രേലിയ. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 327-7 റണ്‍സ് നേടി. 98 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ നടത്തിയ വെടിക്കെട്ടും ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് കരുത്തായി.

33 പന്തു മാത്രം നേരിട്ട് 70 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചു കൂട്ടിയത്. 10 ഫോറുകളും 3 സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഷോണ്‍ മാര്‍ഷ് (61), ആരോണ്‍ ഫിഞ്ച് (53) എന്നിവരും ഓസ്‌ട്രേലിയക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടി. പാകിസ്ഥാന് വേണ്ടി ഉസ്മന്‍ ഷിന്‍വാരി നാലും ജുനൈദ് ഖാന്‍ മൂന്നും വിക്കറ്റുകള്‍ നേടി. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.