SHARE

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. നേരത്തെ ആദ്യ ഇന്നിംഗ്സിൽ 243 റൺസിന് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ അവരുടെ ആദ്യ ഇന്നിംഗ്സിൽ 263/7 എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ 20 റൺസ് മുന്നിലാണ് നിലവിൽ ദക്ഷിണാഫ്രിക്ക.

39/1 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് രണ്ടാം ദിനം തങ്ങളുടെ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. 56 റൺസ് നേടിയ ഹഷീം അംലയും, 74 റൺസോടെ പുറത്താകാതെ നിൽക്കുന്ന എബി ഡിവില്ലിയേഴ്സുമാണ് അവരെ മത്സരത്തിൽ ലീഡ് നേടാൻ സഹായിച്ചത്.

രണ്ടാം ദിനം കളി നിർത്തുമ്പോൾ 74 റൺസോടെ ഡിവില്ലിയേഴ്സും, 14 റൺസ് നേടിയ വെർണോൻ ഫിലാൻഡറുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിൻസും, മിച്ചൽ മാർഷും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.