SHARE

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആധിപത്യം വിട്ടു കൊടുക്കാതെ ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിംഗ്സിൽ 139 റൺസിന്റെ ലീഡ് നേടി എതിരാളികളെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനയച്ച അവർ 173 റൺസിനിടെ അവരുടെ അഞ്ച് വിക്കറ്റുകളും പിഴുതു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 180/5 എന്ന നിലയിലാണ് ഓസീസ്. അഞ്ച് വിക്കറ്റുകൾ മാത്രം ശേഷിക്കെ ദക്ഷിണാഫ്രിക്കയേക്കാൾ 41 റൺസിന്റെ മുൻ തൂക്കം മാത്രമാണ് സന്ദർശകർക്കുള്ളത്.

75 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിൽ മികച്ചു നിന്നത്. ഓപ്പണർമാരായ കാമറോൺ ബാങ്ക്രോഫ്റ്റ്, ഡേവിഡ് വാർണർ എന്നിവർ യഥാക്രമം 24,13 എന്ന സ്കോറുകൾ നേടി പുറത്തായി. മൂന്നാം ദിനം അവസാനിക്കുമ്പോൾ 39 റൺസോടെ മിച്ചൽ മാർഷും, 5 റൺസെടുത്ത ടിം പെയിനുമാണ് ക്രീസിലുള്ളത്‌. മൂന്ന് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കൻ ബോളിംഗിലെ താരം.

നേരത്തെ 263/7 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടർന്ന ദക്ഷിണാഫ്രിക്ക അവരുടെ ആദ്യ ഇന്നിംഗ്സിൽ 382 റൺസിന് പുറത്താവുകയായിരുന്നു. 126 റൺസ് നേടി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്സാണ് ആതിഥേയർക്ക് 139 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടാൻ കരുത്തായത്.