SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് രക്ഷയില്ല‌. 139 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസീസിന് 77 റൺസെടുക്കുമ്പോളേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 86/3 എന്ന നിലയിലുള്ള അവർ ഇപ്പോളും ദക്ഷിണാഫ്രിക്കൻ സ്കോറിന് 53 റൺസ് പിറകിലാണ്.

നേരത്തെ മൂന്നാം ദിനത്തെ ആദ്യ സെഷനിൽ 382 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു. 126 റൺസെടുത്ത ഡിവില്ലിയേഴ്സായിരുന്നു ദക്ഷിണാഫ്രിക്കൻ നിരയിലെ ഹീറോ. മത്സരത്തിൽ പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സാണ് 139 റൺസിന്റെ മികച്ച ലീഡ് നേടാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്.

139 റൺസ് കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരു‌ന്നു. സ്കോർ ബോർഡിൽ 27 റൺസുള്ളപ്പോൾ 13 റൺസുമായി വാർണർ പവലിയനിൽ തിരിച്ചെത്തി. സഹ ഓപ്പണറായ കാമറോൺ ബാങ്ക്രോഫ്റ്റിന്റേതായിരുന്നു അടുത്ത ഊഴം. 24 റൺസെടുത്ത താരം, ലുംഗി എങ്കിടിയുടെ പന്തിൽ പുറത്താവുമ്പോൾ ഓസ്ട്രേലിയ 62/2 എന്ന നിലയിലായി. സ്കോർ ബോർഡിൽ 16 റൺസ് കൂടി ചേർക്കുമ്പോൾ നായകൻ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റും നഷ്ടമായതോടെ ഓസ്ട്രേലിയ മത്സരത്തിൽ പിന്നിലായി. സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ഡികോക്കിന് ക്യാച്ച് നൽകി പുറത്താകുന്നതിന് മുൻപ് 11 റൺസ് മാത്രമായിരുന്നു ഓസീസ് നായകന്റെ സമ്പാദ്യത്തിൽ ഉണ്ടായിരുന്നത്.