SHARE

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ 534/5 എന്ന സ്കോറിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടിയായി ഒന്നാമിന്നിംഗ്സ് ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 123/3 എന്ന‌നിലയിലാണ്. ഓസീസിന്റെ ഒന്നാമിന്നിംഗ്സ് സ്കോറിലും 411 റൺസ് പിറകിലാണ് ലങ്ക ഇപ്പോൾ.

384/4 എന്ന‌ സ്കോറിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസീസ് ആദ്യ ദിവസത്തെ മേധാവിത്വം രണ്ടാം ദിനവും ലങ്കൻ ബോളർമാർക്കെതിരെ പുറത്തെടുത്തു. 180 റൺസെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായെങ്കിലും കുർട്ടിസ് പാറ്റേഴ്സണും, നായകൻ ടിം പെയിനുംതമ്മിലുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കൂറ്റൻ ‌സ്കോറിലേക്ക് നയിക്കുകയായിരുന്നു‌. തന്റെ കന്നി‌ടെസ്റ്റ് സെഞ്ചുറി നേടിയ പാറ്റേഴ്സൺ 114 റൺസും, ടിം പെയിൻ 45 റൺസുമെടുത്ത് നിൽക്കുമ്പോളായിരുന്നു ഓസീസ്, ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.

ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയും മികച്ച രീതിയിലാണ് തുടങ്ങിയത്. 90 റൺസെത്തിയപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി 41 റൺസെടുത്ത തിരിമാനെയാണ് പുറത്തായത്. തുടർന്ന് രണ്ട് വിക്കറ്റുകൾകൂടി വേഗം നഷ്ടമായതോടെ 120/3 എന്ന സ്കോറിലേക്ക് അവർ വീണു. ഇതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ തലയ്ക്ക് കൊണ്ട് ലങ്കൻ ഓപ്പണർ ദിമിത് കരുണരത്നെയ്ക്ക് കളിക്കിടെ മടങ്ങേണ്ടി വന്നത് ഏവർക്കും ഞെട്ടൽ സമ്മാനിച്ചു.