SHARE

ഓസ്ട്രേലിയയും, ന്യൂസിലൻഡും തമ്മിൽ നാളെ സിഡ്നിയിൽ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇരു ടീമുകളിലേയും താരങ്ങൾ കളിക്കാനിറങ്ങുക കറുത്ത ആം ബാൻഡണിഞ്ഞ്. രാജ്യത്തെ പുകച്ച് കൊണ്ടിരിക്കുന്ന കാട്ടു തീയിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ഇത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രിക്കറ്റ് ലോകം വലിയ കൈയ്യടികളോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ തീരുമാനത്തെ വരവേറ്റിരിക്കുന്നത്.

നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റും ജയിച്ചാൽ ഓസീസിന് മൂന്ന് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാം. എന്നാൽ ആശ്വാസ ജയമാണ് ന്യൂസിലൻഡ് ലക്ഷ്യമിടുന്നത്. നേരത്തെ പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ 296 റൺസിനും, മെൽബണിൽ നടന്ന മത്സരത്തിൽ 247 റൺസിനുമായിരുന്നു ഓസീസ് ജയിച്ചത്.

അതേ സമയം ഓസ്ട്രേലിയയെ ചാമ്പലാക്കി, ജന ജീവിതത്തെ പുകച്ച് കഴിഞ്ഞ കുറച്ച് നാളുകളായി ഓസ്ട്രേലിയയിൽ കാട്ടുതീ പടരുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തീ പടരുന്നെങ്കിലും, ന്യൂ സൗത്ത് വെയിൽസിലാണ് രൂക്ഷം. ഇവിടെ ഏഴ് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഓസ്ട്രേലിയയിലെ വമ്പൻ നഗരങ്ങളായ മെൽബൺ, സിഡ്നി എന്നിവിടങ്ങളും തീപിടുത്തത്തിന്റെ കെടുതികളിലാണ്.