SHARE

കോവിഡ് ഭീതിക്കിടെ ചട്ടങ്ങൾ ലംഘിച്ച് പരിശീലനം നടത്തിയ ഓസ്ട്രിയൻ ക്ലബ് ലാസ്കിന് കിട്ടിയത് എട്ടിന്റെ പണി. ലീ​ഗ് സീസൺ ഈ വാരാന്ത്യം പുനരാരംഭിക്കാനിരിക്കെ ക്ലബിന് ആറ് പോയിന്റ് കുറയ്ക്കാനാണ് ഓസ്ട്രിയൻ ഫുട്ബോൾ അധികൃതർ തീരുമാനിച്ചത്. ഇതോടെ ലീ​ഗിൽ ഒന്നാമതായിരുന്ന ക്ലബ് രണ്ടാം സ്ഥാനത്തേക്ക് വീണു.

രണ്ടാഴ്ച മുമ്പ് ഓസ്ട്രിയയിൽ ക്ലബുകൾ പരിശീലനം പുനരാരംഭിച്ചിരുന്നു. എന്നാൽ ചെറുസംഘങ്ങളായി മാത്രം പരിശീലനം നടത്താൻ അനുവദിച്ചിരുന്ന ഈ സമയത്ത് ലാസ്ക് ടീം ഒന്നിച്ച് പരിശീലനം നടത്തി. ഇത് വിവാദമാകുകയും മറ്റ് ക്ലബുകൾ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ ലാസ്ക് മാപ്പ് പറയുകയും ചെയ്തു. എന്നാൽ ശിക്ഷയിൽ നിന്ന് ക്ലബിന് ഇളവ് ലഭിച്ചില്ല. 12 പോയിന്റ് കുറയ്ക്കാനും 75,000 യൂറോ പിഴ ഇടാക്കാനും തീരുമാനിച്ചു.

അതേസമയം ഓസ്ട്രിയൻ ലീ​ഗിന്റെ പ്രത്യേകത കാരണം ക്ലബിന് ആറ് പോയിന്റേ നഷ്ടമാകു. 12 ടീമുകൾ പങ്കെടുക്കുന്ന ഓസ്ട്രിയൻ ലീ​ഗിന്റെ സാധാരണ സീസൺ പൂർത്തിയാകുന്നതോടെ ലീ​ഗ് രണ്ടായി വിഭജിക്കും. തുടർന്ന് ആദ്യമുള്ള ആറ് ടീമുകൾ കിരീടത്തിനായും അവസാനത്തെ ആറ് ടീമുകൾ തരംതാഴ്ത്താൽ ഒഴിവാക്കാനായും പ്രത്യേകം മത്സരിക്കും. ഇതോടെ അടുത്ത ഘട്ടം തുടങ്ങുന്നത് എല്ലാ ക്ലബുകളുടേയും നിലവിലെ പോയിന്റിന്റെ നേർപകുതിയാക്കി പുതിയ പോയിന്റ് പട്ടികയുമയാണ്. (ഉദാ-22 മത്സരങ്ങൾ പുർത്തിയായപ്പോൾ 50 പോയിന്റ് നേടിയ ടീം അടുത്ത ഘട്ടം തുടങ്ങുന്നത് 25 പോയിന്റ് എന്ന നിലയിലാകും).

ഇക്കുറി ഇങ്ങനെ സാധാരണ സീസൺ പൂർത്തിയായശേഷമാണ് കോവിഡിനെത്തുടർന്ന് മത്സരങ്ങൾ നിർത്തിവച്ചത്. അപ്പോൾ 22 മത്സരങ്ങളിൽ നിന്ന് 54 പോയിന്റായിരുന്നു ഒന്നാമതുള്ള ലാസ്കിന്. ഇനി മറ്റ് അഞ്ച് ടീമുകൾക്കൊപ്പം കിരീടത്തിനായി മത്സരിക്കുമ്പോൾ ലാസ്ക് നേർപകുതിയായ 27 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ അടുത്ത ഘട്ടം തുടങ്ങേണ്ടതായിരുന്നു.

എന്നാൽ നേരത്തെ തന്നെ ക്ലബുകളുടെ പാതി പോയിന്റ് കുറച്ചതിനാൽ 12 പോയിന്റ് വെട്ടിക്കുറയ്ക്കാനുള്ളതും ആറ് പോയിന്റായി കുറയും. ഇതോടെ 27 പോയിൻ്റ് കിട്ടേണ്ട ലാസ്കിന് 21 പോയിന്റുമായി കിരീടപ്പോരാട്ടം തുടങ്ങേണ്ടിവരും. നേരത്തെ 24 പോയിന്റുമായി രണ്ടാമതായിരുന്ന റെഡ്ബുൾ സാൽസ്ബർ​ഗാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.