SHARE

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ഓസ്ട്രേലിയ 243 റൺസിന് പുറത്തായി. 6 വിക്കറ്റെടുത്ത പേസ് ബൗളർ മൊഹമ്മദ് ഷമിയാണ് ഓസീസിനെ തകർത്തത്. ഒരു ഘട്ടത്തിൽ 192/4 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്ക്ക് 51 റൺസെടുക്കുന്നതിനിടയ്ക്കാണ് അവസാന 6 വിക്കറ്റുകൾ നഷ്ടമായത്. നേരത്തെ ആദ്യ ഇന്നിംഗ്സിൽ 43 റൺസിന്റെ ലീഡ് ഓസ്ട്രേലിയ നേടിയിരുന്നു. ഇതോടെ 287 റൺസായി മത്സരത്തിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം.

190/4 എന്ന നിലയിൽ നാലാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ ഷാമിയുടെ തീപ്പൊരി ബോളിംഗിന് മുന്നിലാണ് തകർന്ന് വീണത്. ടിം പെയിൻ (37), ആരോൺ ഫിഞ്ച് (25), ഉസ്മാൻ ഖവാജ (72 റൺസ്), നഥാൻ ലയോൺ (5 റൺസ്) എന്നിവർ ഷാമിയുടെ ബോളിൽ പുറത്തായപ്പോൾ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരെ ബുംറയാണ് മടക്കി അയച്ചത്. ഷമി 56 റൺസ് വിട്ടു കൊടുത്ത് 6 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ബുംറ മൂന്ന് വിക്കറ്റും, ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി.