SHARE

ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മോചിതനായ സൂപ്പർ താരം ഡേവിഡ് വാർണർ, യുവ ഓപ്പണർ വിൽ പുകുവോസ്കി എന്നിവർ മടങ്ങിയെത്തിയപ്പോൾ, മോശം ഫോമിലുള്ള ഓപ്പണർ ജോ ബേൺസിനെ അവർ ടീമിൽ നിന്ന് പുറത്താക്കി.

നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഡേവിഡ് വാർണർക്ക് പിന്നീട് നടന്ന ടി20 പരമ്പരയും, ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ നടന്ന പരിശീലന മത്സരത്തിലായിരുന്നു വിൽ പുകുവോസ്കിയ്ക്ക് കൺകഷൻ സംഭവിച്ചത്.

പരിക്കിൽ നിന്ന് മോചിതരായെത്തുന്ന ഡേവിഡ് വാർണറും, വിൽ പുകുവോസ്കിയും ചേർന്ന് സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം ടെസ്റ്റിൽ ദയനീയ പരാജയം നേരിട്ട ഓസ്ട്രേലിയക്ക് ഈ താരങ്ങളുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി ഏഴാം തീയതിയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീം ഇങ്ങനെ : ടിം പെയിൻ (C), സീൻ ആബട്ട്, പാറ്റ് കമ്മിൻസ്, കാമറോൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മോയിസസ് ഹെൻറിക്വസ്, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മൈക്കൽ നെസെർ, ജെയിംസ് പാറ്റിൻസൺ, വിൽ പുകുവോസ്കി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ.