SHARE

ഇന്ന് ലോർഡ്സിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയയുടെ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു. ടീംവിജയം കണ്ട ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽ വുഡ് എന്നിവർ ഇത്തവണ ടീമിലെത്തിയപ്പോൾ സ്റ്റാർ പേസർ ജെയിംസ് പാറ്റിൻസണ് പന്ത്രണ്ടംഗ സംഘത്തിൽ ഇടം ലഭിച്ചില്ല. ടീം സെലക്ഷന് പാറ്റിൻസൺ ലഭ്യമായിരുന്നെങ്കിലും കടുത്ത മത്സരക്രമം അദ്ദേഹത്തിന് വിശ്രമം നൽകാൻ ഓസീസിനെ നിർബന്ധിതരാക്കുകയായിരുന്നു.

അതേ സമയം ടീം സെലക്ഷന്റെ കാര്യത്തിൽ വലിയ തലവേദനയാണ് പരമ്പരയിൽ ഓസ്ട്രേലിയ നേരിടുന്നത്. ടീമിലുള്ള പേസ് ബൗളർമാരെല്ലാം ഒന്നിനൊന്ന് മികച്ചവരായതിനാൽ ആരെ ടീമിൽ ഉൾപ്പെടുത്തണം, ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ വലിയ തലവേദനയാണ് അവർക്കുള്ളത്. ഇക്കാര്യം പരിശീലകൻ ജസ്റ്റിൻ ലാംഗർ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.

4 പേസർമാരാണ് ഇന്നലെ പ്രഖ്യാപിച്ച ഓസീസിന്റെ പന്ത്രണ്ടംഗ ടീമിലുള്ളത്. ആദ്യ ഇലവനെ തിരഞ്ഞെടുക്കുമ്പോൾ ഇതിൽ നിന്ന് ഒരു താരം പുറത്താകും. അതാരാണെന്ന കാര്യത്തിൽ ആരാധകർക്ക് വലിയ ആകാംക്ഷയാണുള്ളത്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, പീറ്റർ സിഡിൽ, ജോഷ് ഹേസൽ വുഡ് എന്നിവരിൽ നിന്നാകും ഒരാൾ പുറത്താവുക. അതറിയാൻ ഇന്ന് മത്സരത്തിന്റെ ടോസ് വരെ കാത്തിരിക്കേണ്ടി വരും.

ഓസ്ട്രേലിയൻ ടീം ഇങ്ങനെ – ടിം പെയിൻ, (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, കാമറോൺ ബാങ്ക്രോഫ്റ്റ്, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വേഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, പീറ്റർ സിഡിൽ, നഥാൻ ലയോൺ, ജോഷ് ഹേസൽ വുഡ്.