SHARE

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 234 റൺസ് വിജയ ലക്ഷ്യം. ബാറ്റിംഗിനിറങ്ങിയവരെല്ലാം തകർത്താടിയതാണ് ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ 233/2 എന്ന പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്. സെഞ്ചുറി നേടിയ ഡേവിഡ് വാർണർ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം പൊതിരെ തല്ലു വാങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി‌ വന്ന ഓസ്ട്രേലിയ ആദ്യം മുതൽ തകർത്തടിച്ചു. നായകൻ ആരോൺ ഫിഞ്ചായിരുന്നു കൂടുതൽ അപകടകാരി. ഫിഞ്ചും, വാർണറും തമ്മിലുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ ഓസ്ട്രേലിയ നേടിയത് 10.5 ഓവറുകളിൽ 122 റൺസ്. 36 പന്തുകളിൽ 8 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 64 റൺസാണ് ഓസീസ് നായകൻ നേടിയത്. മൂന്നാമനായി ബാറ്റിംഗിനിറങ്ങിയത് ഗ്ലെ‌ൻ മാക്സ്‌വെൽ. ഓസീസ് ബാറ്റിംഗിന്റെ വേഗത ഒന്ന് കൂടി വർധിക്കുന്നതാണ് പിന്നീട് കണ്ടത്. മികച്ച ഫോമിലായിരുന്ന മാക്സ്‌വെൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ലങ്കൻ ബോളർമാർ അടികൊണ്ട് വലയാൻ തുടങ്ങി.

മറുവശത്ത് ഡേവിഡ് വാർണറും ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത് കൊണ്ടിരുന്നു. 28 പന്തിൽ 7 ബൗണ്ടറികളും 3 സിക്സറുകളുമടക്ക. 62 റൺസെടുത്ത മാക്സ്‌വെൽ അവസാന ഓവറിലാണ് പുറത്തായത്. ഇതിനോടകം ഓസീസ് ഹിമാലയൻ സ്കോറിലെത്തിക്കഴിഞ്ഞിരുന്നു. ഓസീസ് ഇന്നിംഗ്സിന്റെ അവസാന പന്തിൽ വാർണർ തന്റെ സെഞ്ചുറിയും തികച്ചു. 56 പന്തുകളിൽ 10 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 100 റൺസാണ് വാർണർ നേടിയത്. 1 റൺസെടുത്ത ആഷ്ടൺ ടേണർ, വാർണർക്കൊപ്പം പുറത്താകാതെ നിന്നു.