SHARE

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയക്ക് ആവേശജയം. മൊഹലിയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസീസിന്റെ മിന്നും ജയം. സ്കോർ: ഇന്ത്യ-208/6, ഓസ്ട്രേലിയ-211/6

ഇന്ത്യയുയർത്തിയ തകർപ്പൻ വിജയലക്ഷ്യം പിന്തുടർന്ന് ഓസ്ട്രേലിയയുടെ തുടക്കം മികച്ചതായിരുന്നു. സ്കോർ 39-ൽ നിൽക്കെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 22 റൺസെടുത്ത് പുറത്തായെങ്കിലും പിന്നീട് കാമറൂൺ ​ഗ്രീനും സ്റ്റീവ് സ്മിത്തും ചേർന്ന് സ്കോർ ഉയർത്തി. ഈ കൂട്ടുകെട്ട് 70 റൺസ് നേടിയശേഷമാണ് 61 റൺസുമായി ​ഗ്രീൻ പുറത്തായത്.

ഇതിനുപിന്നാലെ സ്മിത്ത്, ​ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇം​ഗ്ലീസ് എന്നിവർ കൂടി കാര്യമായ റൺവേട്ട നടത്താതെ പുറത്തായതോടെ ഓസീസ് പതറി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു വെയ്ഡും ടിം ഡേവിഡും ചേർന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഹർഷൽ പട്ടേൽ എറിഞ്ഞ 18-ാം ഓവറിൽ 22 റൺസു, ഭുവനേശ്വർ കുമാർ എറിഞ്ഞ അടുത്ത ഓവറിൽ നിന്ന് 16 റൺസും വെയ്ഡും ഡേവിഡും ചേർന്ന് അടിച്ചെടുത്തു.

യുസ്വേന്ദ്ര ചഹൽ എറിഞ്ഞ അവസാന ഓവറിൽ ആദ്യ പന്തിൽ തന്നെ 18 റൺസെടുത്ത ഡേവിഡ് പുറത്തായി. എന്നാൽ തൊട്ടടുത്ത പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് പാറ്റ് കമ്മിൻസ് ഓസ്ട്രേലിയക്ക് മിന്നുന്ന ജയം സമ്മാനിച്ചു. വെയ്ഡ്, 21 പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 45 റൺസ് നേടി പുറത്താകാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് ഇന്ത്യക്കായി ബൗളിങ്ങിൽ തിളങ്ങിയ ഏകതാരം.