SHARE

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയക്ക് 10 വിക്കറ്റിന്റെ ഉജ്ജ്വല ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 255 റൺസിൽ പുറത്തായപ്പോൾ വെറും 37.4 ഓവറുകളിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ ഓസ്ട്രേലിയ വിജയത്തിലെത്തി. സെഞ്ചുറികൾ നേടി പുറത്താകാതെ നിന്ന ഓപ്പണർമാരായ ഡേവിഡ് വാർണറും, ആരോൺ ഫിഞ്ചുമാണ് ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. വിജയത്തോടെ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന്‌മുന്നിലെത്തി. ഈ മാസം പതിനേഴാം തീയതി രാജ്കോട്ടിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ, ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. 10 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് തുടക്കം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ധവാനും, രാഹുലും ഒത്തുചേർന്നതോടെ ഇന്ത്യൻ സ്കോർ മികച്ച രീതിയിൽ മുന്നോട്ട് നീങ്ങി. 121 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. തുടർന്ന് 47 റൺസെടുത്ത രാഹുൽ പുറത്തായി. പിന്നാലെ 74 റൺസെടുത്ത ധവാനും മടങ്ങി.

ബാറ്റിംഗ് സ്ഥാനംമാറിയെത്തിയ നായകൻ വിരാട് കോഹ്ലിക്ക് തിളങ്ങാനായില്ല‌. 16 റൺസെടുത്ത ഇന്ത്യൻ നായകനെ സാമ്പ സ്വന്തം ബോളിംഗിൽ പിടികൂടുകയായിരുന്നു. അയ്യർ (4 റൺസ്), ഋഷഭ് പന്ത് (28 റൺസ്), രവീന്ദ്ര ജഡേജ (25 റൺസ്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകളും, പാറ്റ് കമ്മിൻസ് 2 വിക്കറ്റുകളും വീഴ്ത്തി.

256 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ അനായാസമാണ് തുടക്കം മുതൽ റൺസ് കണ്ടെത്തിയത്. മികച്ച ഫോമിലായിരുന്ന വാർണറും, നായകൻ ഫിഞ്ചും ചേർന്ന് ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു. കൃത്യമായ ഇടവേളകളിൽ ഇരുവരും ബൗണ്ടറികൾ കണ്ടെത്തിയതോടെ ടീം സ്കോർ അതിവേഗം കുതിച്ചു‌.

ഡേവിഡ് വാർണറാണ് കൂട്ടത്തിൽ ആദ്യം സെഞ്ചുറിയിലെത്തിയത്. താരത്തിന്റെ പതിനെട്ടാം ഏകദിന സെഞ്ചുറിയായിരുന്നു ഇന്നത്തേത്. പിന്നാലെ ഫിഞ്ചും മൂന്നക്കം കണ്ടു. ഓസീസ് നായകന്റെ പതിനാറാം ഏകദിന സെഞ്ചുറിയായിരുന്നു വാങ്കഡേയിലേത്. വാർണർ 112 പന്തിൽ 17 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 128 റൺസോടെയും, ആരോൺ ഫിഞ്ച് 114 പന്തിൽ 13 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം നേടിയ 110 റൺസോടെയും മത്സരത്തിൽ പുറത്താകാതെ നിന്നു.