SHARE

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ നേപ്പാളെനെതിരെ ഓസ്ട്രേലിയക്ക് ​ഗംഭീരജയം. എതിരില്ലാത്ത അഞ്ച് ​ഗോളിനാണ് ഓസ്ട്രേലിയ നേപ്പാളിനെ തരിപ്പണമാക്കിയത്.

ഓസ്ട്രേലിയയിലെ കാൻബറയിൽ നടന്ന ​ഗ്രൂപ്പ് ബി മത്സരത്തിൽ ജെയ്മി മക്ലാരന്റെ ഹാട്രിക്കാണ് ഓസ്ട്രേലിയക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ജെയ്മി ആദ്യ ​ഗോൾ നേടി. പത്തൊമ്പതാം മിനിറ്റിൽ ജെയ്മി തന്നെ ലിഡുയർത്തി. നാല് മിനിറ്റുകൾക്ക് ശേഷം പ്രതിരോധതാരം ഹാരി സൗട്ടറിലൂടെ ഓസ്ട്രേലിയ ലീഡ് മുന്ന് ​ഗോളാക്കി ഉയർത്തി.

പിന്നീട് രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ തന്റെ രണ്ടാം ​ഗോൾ നേടി സൗട്ടർ ഓസീസിന്റെ ലീഡുയർത്തി. 90-ാം മിനിറ്റിൽ നേപ്പാളിന്റെ പെട്ടിയിൽ അവസാന ആണിയുമടിച്ച് ജെയ്മി തന്റെ ഹാട്രിക്കും തികച്ചു. വിജയത്തോടെ ​ഗ്രൂപ്പിൽ ആറ് പോയിന്റുമായി ഓസ്ട്രേലിയയാണ് മുന്നിൽ