SHARE

അടുത്ത മാസം യു എ ഇ യിൽ ആരംഭിക്കാനിരിക്കുന്ന പതിമൂന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ആഴ്ചയിലെ മത്സരങ്ങൾ ഓസ്ട്രേലിയൻ, ഇംഗ്ലണ്ട് താരങ്ങൾക്ക് നഷ്ടമായേക്കുമെന്ന് സൂചന. സെപ്റ്റംബറിൽ ഇരു ടീമുകളും തമ്മിൽ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളാണ് ഇതിന് കാരണം.

അടുത്ത മാസമാണ് മൂന്ന് മത്സരങ്ങൾ വീതമടങ്ങിയ ഏകദിന, ടി20 പരമ്പരകൾക്കായി ഓസ്ട്രേലിയ, ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ പരമ്പരയുടെ മത്സരക്രമം ഇത് വരെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും, സെപ്റ്റംബർ 16 നായിരിക്കും‌ അവസാന മത്സരമെന്നാണ് സൂചനകൾ. ഐപിഎൽ ആരംഭിക്കാനിരിക്കുന്നതാവട്ടെ ഇതിന് 3 ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 19 നും.‌

-Advertisement-

ഇംഗ്ലണ്ടിൽ നടക്കുന്ന ഈ നിശ്ചിത ഓവർ പരമ്പരകൾക്ക് ശേഷം ഇരു ടീമുകളിലേയും ഐപിഎൽ താരങ്ങൾ യു എ ഇ യിലേക്ക് തിരിക്കുമെങ്കിലും രാജ്യത്ത് എത്തിയ ഉടനേ അവർക്ക്‌ തങ്ങളുടെ ഫ്രാഞ്ചൈസികൾക്ക് ഒപ്പം ചേരാൻ കഴിയില്ല. യു എ ഇ യിൽ എത്തിയ ഉടനേ കോവിഡ് 19 ടെസ്റ്റിന് വിധേയരാവുന്ന താരങ്ങൾ ക്ക്, പരിശോധനയിൽ നെഗറ്റീവ് ആയാൽ മാത്രമേ ഐസൊലേഷൻ സോണിൽ നിന്ന് പുറത്തെത്താനാവൂ.

കോവിഡിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ഐപിഎൽ ടീമുകളോടൊപ്പം ചേരുന്നതിന് മുന്നേ സുരക്ഷയുടെ ഭാഗമായി മറ്റ് ചില നടപടി ക്രമങ്ങൾ കൂടി താരങ്ങൾ പിന്തുടരേണ്ടതുണ്ട്. ഇതിന് 7-10 ദിവസം വരെ വേണ്ടി വരുമെന്നാണ് സൂചനകൾ. ഇങ്ങനെ വരുമ്പോൾ ഏറ്റവും കുറഞ്ഞത് ഐപിഎല്ലിന്റെ ആദ്യ ആഴ്ചയിലെ ‌മത്സരങ്ങളെങ്കിലും ഇക്കുറി ഓസ്ട്രേലിയ , ഇംഗ്ലണ്ട് താരങ്ങൾക്ക് നഷ്ടമാകുമെന്നാണ് സൂചന.