SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് 287 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറുകളിൽ 286/9 എന്ന സ്കോറാണ് നേടിയത്. ഈ മത്സരം വിജയിക്കുന്നവർക്ക് മൂന്ന് മത്സര പരമ്പര സ്വന്തമാകും.

ബാംഗ്ലൂരിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുക യായിരുന്നു. സ്കോർ ബോർഡിൽ 46 റൺസെത്തിയപ്പോൾ അവർക്ക് ഓപ്പണർമാരെ രണ്ട് പേരെയും നഷ്ടമായി. എന്നാൽ പിന്നീട് സ്റ്റീവ് സ്മിത്തും, മാർനസ് ലബുഷാനെയും ഒത്തുചേർന്നതോടെ ഓസ്ട്രേലിയൻസ്കോർ കുതിച്ചു. 127 റൺസാണ് നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. ലബുഷാനെ 54 റൺസ് നേടിയാണ് പുറത്തായത്. കൂട്ടുകാരൻ പുറത്തായിട്ടും തകർത്തടിച്ച സ്മിത്ത് തന്റെ ഒൻപതാം ഏകദിന സെഞ്ചുറിയിലെത്തി. 132 പന്തിൽ 14 ബൗണ്ടറികളും ഒരു സിക്സറുമടക്കം 131 റൺസ് നേടിയ താരം നാൽപ്പത്തിയെട്ടാം ഓവറിലാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി 4 വിക്കറ്റുകളും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകളും വീതം വീഴ്ത്തി.