SHARE

പന്തില്‍ കൃത്രിമം നടത്തിയതും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സ്റ്റീവ് സ്മിത്തിനെ മാറ്റിയതും ഉള്‍പ്പെടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പ്രതിസന്ധി കളത്തിലും പ്രകടമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 430 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് തകര്‍ന്നത് നാടകീയമായി. കാമറോണ്‍ ബാന്‍ക്രോഫ്റ്റും (26), ഡേവിഡ് വാര്‍ണറും (32) ഒരുഘട്ടത്തില്‍ ഓസ്‌ട്രേലിയയെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചതാണ്. വിക്കറ്റ് നഷ്ടപ്പെടാതെ 57 റണ്‍സെന്ന നിലയിലായിരുന്നു കങ്കാരുക്കള്‍ ഒരുഘട്ടത്തില്‍. എന്നാല്‍ ബന്‍ക്രാഫ്റ്റിനെ ഡുപ്ലിസിസ് റണ്ണൗട്ടാക്കിയതോടെ കളിമാറി.

ഓസ്‌ട്രേലിയയ്ക്ക് ആദ്യ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വെറും രണ്ടു റണ്‍സിനാണ്. ഉസ്മാന്‍ ഖവാജ (1), ഷോണ്‍ മാര്‍ഷ് (0) എന്നിവര്‍ വന്നതുപോലെ മടങ്ങി. ആദ്യത്തെ മൂന്നു വിക്കറ്റ് വീണതിലും ഒരു സവിശേഷതയുണ്ട്. ഓവറിലെ ആദ്യ പന്തിലാണ് മൂന്നുപേരും പുറത്തായത്. മോര്‍ണി മോര്‍ക്കലും കേശവ് മഹാരാജുമാണ് കങ്കാരുക്കളെ എറിഞ്ഞു വീഴ്ത്തിയത്. നേരത്തെ നാലാംദിനത്തിന് മുമ്പ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന് ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഷനും മാച്ച് ഫീയുടെ 100 ശതമാനം തുക പിഴയും ഐസിസി ശിക്ഷ വിധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് താരത്തിന് നഷ്ടമാകും. സംഭവത്തില്‍ ഉള്‍പ്പെട്ട കാമറോണ്‍ ബാങ്ക്രോഫ്റ്റിനെതിരെയും ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്ന് ഡീമെറിറ്റ് പോയിന്റുകളും, മാച്ച് ഫീയുടെ 75% തുകയുമാണ് താരത്തിന്ശിക്ഷയായി ലഭിക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്.