ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കം തകർച്ചയോടെ. സ്കോർ 30-ൽ എത്തുന്നതിന് മുമ്പ് തന്നെ പതിവുപോലെ ഓപ്പണർമാർ രണ്ട് പേരും പുറത്തായി
മൽബണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ പതിവുപോലെ ആദ്യ സ്പെല്ലിൽ തന്നെ മികവ് പുലർത്തിയ ഭുവനേശ്വർ കുമാർ ഓസീസിനെ ഞെട്ടിച്ചു. സ്കോർ എട്ടിൽ നിൽകെ അഞ്ച് റൺസെടുത്ത വിക്കറ്റ് കീപ്പർ അലക്സ് കാരിയെ ഭുവി ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. സ്കോർ 27-ൽ നിൽക്കെ 14 റൺസെടുത്ത ആരോൺ ഫിഞ്ചിനേയും ഭുവി വിക്കറ്റിന് മുന്നിൽ കുടുക്കി.
അഞ്ച് ഓവർ എറിഞ്ഞ ഭുവി ഒരോവർ മെയ്ഡനാക്കി, 15 റൺസ് മാത്രം വിട്ടുനൽകിയാണ് രണ്ട് വിക്കറ്റെടുത്തത്.ഷോൺ മാർഷ്, ഉസ്മാൻ ഖവാജ എന്നിവരാണിപ്പോൾ ക്രീസിലുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ചു. ഇതോടെ ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു