SHARE

ഇന്ത്യയ്ക്കെതിരെ നാളെ മെൽബണിൽ ആരംഭിക്കാനിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഓസീസ് മൂന്നാം മത്സരത്തിനിറങ്ങുന്നത്. മധ്യനിര ബാറ്റ്സ്മാൻ പീറ്റർ ഹാൻസ്കോമ്പ് പുറത്തായപ്പോൾ, ഓൾ റൗണ്ടർ മിച്ചൽ മാർഷ് ടീമിലേക്ക് തിരിച്ചെത്തി.

ആദ്യ രണ്ട് ടെസ്റ്റുകളിലും ബാറ്റിംഗ് പരാജയമായിരുന്നതാണ് ഹാൻസ്കോമ്പിന് ടീമിന് പുറത്തേക്കുള്ള വാതിൽ തുറന്നത്. പരമ്പരയിൽ കളിച്ച‌ നാലിന്നിംഗ്സുകളിൽ 68 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഓൾ റൗണ്ടറായ മിച്ചൽ മാർഷിനെ ടീമിൽ ഉൾപ്പെടുത്തിയത് വഴി ഒരു അധിക ബോളറുടെ സേവനവും ഓസീസിന് ലഭിക്കും. നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ കഴിവുള്ള മാർഷ്, മധ്യനിരയിൽ അതിവേഗം റൺസെടുക്കാൻ കഴിവുള്ള താരം കൂടിയാണ്.

മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ പ്ലേയിംഗ് ഇലവൻ – ആരോൺ ഫിഞ്ച്, മാർക്കസ് ഹാരിസ്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ടിംപെയിൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽ വുഡ്.