SHARE

അടുത്ത 6 മാസത്തിനുള്ളിൽ നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം അടുത്ത വർഷം ജൂൺ – ജൂലൈ മാസത്തിലേക്ക് മാറ്റി. ഇരു ക്രിക്കറ്റ് ബോർഡുകളും ചേർന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇന്ന് ഇക്കാര്യത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക‌ പ്രഖ്യാപനവുമെത്തി.

ഈ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിൽ അവർക്കെതിരെ ടി20 പരമ്പരയും, അടുത്ത വർഷം ഫെബ്രുവരിയിൽ രണ്ട് മത്സര ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയ കളിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. അതേ സമയം മാറ്റി വെക്കുന്ന ടെസ്റ്റ് പരമ്പര 2020 ജൂൺ-ജൂലൈ മാസങ്ങളിലായും, ടി20 പരമ്പര 2021 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായും നടക്കുമെന്നാണ് സൂചന. ഇതിന്റെ തീയതി പക്ഷേ കൃത്യമായി പുറത്ത് വന്നിട്ടില്ല.

പരമ്പര മാറ്റി വെക്കുന്നതോടെ നേട്ടമുണ്ടാക്കാൻ പോകുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ്. നേരത്തെ രണ്ട് മത്സര ടി20 പരമ്പര കളിക്കാനാണ് ഇരു ടീമുകളും പദ്ധതിയിട്ടിരുന്നതെങ്കിലും ടൂർണമെന്റ് നീട്ടിയതോടെ മൂന്ന് മത്സര ടി20 പരമ്പര കളിക്കാൻ ഓസീസ് തയ്യാറായതായാണ് റിപ്പോർട്ട്.