ആദ്യ ടെസ്റ്റിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാവും ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയ കളിക്കുകയെന്ന് പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ടീം ഇലവനെക്കുറിച്ച് ലാംഗർ മനസ് തുറന്നത്.
കാര്യമായ അത്ഭുതങ്ങളൊന്നും അടുത്ത ദിവസങ്ങളിൽ സംഭവിച്ചില്ലെങ്കിൽ ഒന്നാം ടെസ്റ്റിലെ അതേ ടീമിനെയാകും ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റിലും കളത്തിലിറക്കുക എന്ന് പറഞ്ഞ ലാംഗർ, കോഹ്ലി ഈ മത്സരത്തിൽ ഇന്ത്യൻ നിരയിൽ കളിക്കാനില്ലാത്തത് ഓസ്ട്രേലിയക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണെന്നും ചൂണ്ടിക്കാട്ടി. അതേ സമയം കോഹ്ലിയും, പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായ മൊഹമ്മദ് ഷമിയും രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കൊപ്പമില്ലാത്തത് ഓസ്ട്രേലിയക്ക് മുൻ തൂക്കം നൽകുന്നുണ്ടെങ്കിലും, മത്സരത്തിൽ മികച്ച ഫലം നേടാൻ എല്ലാ രീതിയിലും തങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് സംസാരത്തിനിടെ ലാംഗർ അഭിപ്രായപ്പെട്ടു.
അതേ സമയം ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയം നേടിയ ടീമിനെത്തന്നെയാകും ഓസ്ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റിലും കളിപ്പിക്കുകയെന്ന് ഉറപ്പായതോടെ ഒരിക്കൽക്കൂടി മാത്യു വേഡ്-ജോ ബേൺസ് ഓപ്പണിംഗ് ജോഡിയാകും അവരുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ഡേവിഡ് വാർണർ, വിൽ പുകുവോസ്കി എന്നിവർ പരിക്കിൽ നിന്ന് പൂർണമായി മോചിതരാവാത്തതിനാലാണ് ഈ മത്സരത്തിലും കളിക്കാനില്ലാത്തതും ഓസ്ട്രേലിയ ആദ്യ ടെസ്റ്റിലെ ടീമിനെത്തന്നെ നിലനിർത്തിയിരിക്കുന്നതും.