SHARE

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യത്തിലേക്ക്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 622/7 നെതിരെ ബാറ്റ് ചെയ്യുന്ന ഓസീസ്, മത്സരത്തിന്റെ മൂന്നാം ദിനം അവസാന വിവരം ലഭിക്കുമ്പോൾ 228/6 എന്ന നിലയിലാണ്‌. 4 വിക്കറ്റുകൾ മാത്രം ശേഷിക്കേ ഒന്നാമിന്നിംഗ്സിൽ 394 റൺസ് പിന്നിലാണ് ഇപ്പോളും ഓസീസ്.

24/0 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസീസിന്, സ്കോർ ബോർഡിൽ 72 റൺസെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. 27 റൺസുമായി ഉസ്മാൻ ഖവാജയാണ് മടങ്ങിയത്. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. ഓപ്പണർ മാർക്കസ് ഹാരിസും, മാർനസ് ലബുഷാനെയും കൂടി ടീമിനെ മികച്ച തുടക്കത്തിലേക്ക് നയിക്കുമ്പോളായിരുന്നു 79 റൺസെടുത്ത ഹാരിസ് വീണത്‌. ജഡേജയുടെ പന്തിൽ കുറ്റിതെറിച്ചാണ് താരം പുറത്തായത്.

പിന്നാലെയിറങ്ങിയ ഷോൺ മാർഷിന് അധിക നേരം പിടിച്ചുനിൽക്കാനായില്ല. രണ്ട് ബൗണ്ടറികൾ നേടിയ താരം പുറത്തായത് എട്ട് റൺസിന്. ഇത്തവണയും രവീന്ദ്ര ജഡേജയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. 38 റൺസോടെ ലബുഷാനെയുടേതായിരുന്നു അടുത്ത ഊഴം. ഷമിക്കായിരുന്നു വിക്കറ്റ്. 28 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റാണ് ഓസീസ് വലിച്ചെറിഞ്ഞത്. ഓസീസ് സ്കോർ 192 ലെത്തിയപ്പോൾ 20 റൺസോടെ ട്രാവിസ് ഹെഡ് പവലിയനിൽ തിരിച്ചെത്തി.

ഓസീസ് നായകൻ ടിം പെയിനായിരുന്നു അടുത്തതായി വീണത്. 5 റൺസെടുത്ത് പെയിൻ പുറത്താകുമ്പോൾ ഓസീസ് സ്കോർ 198/6. 28 റൺസോടെ ഹാൻസ്കോമ്പും, 21 റൺസെടുത്ത് പാറ്റ് കമ്മിൻസുമാണ് നിലവിൽ ബാറ്റ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.