SHARE

ഓസ്ട്രേലിയയുടെ ദേശീയ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്ന് ജസ്റ്റിൻ ലാം​ഗറിനെ മാറ്റിയേക്കുമെന്ന് സൂചന. ഈ വർഷം ജൂണിൽ അവസാനിക്കുന്ന ലാം​ഗറിന്റെ കരാർ ക്രിക്കറ്റ് ഓസ്ട്രേലിയ പുതുക്കാൻ സാധ്യതയില്ല. വിവിധ ഇം​ഗ്ലീഷ്-ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

അടുത്തിടെ ഓസ്ട്രേലിയയെ ആദ്യമായി ടി20 ലോകകപ്പിൽ ജേതാക്കളാക്കിയത് ലാം​ഗറാണ്. മാത്രവുമല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിൽ ഉജ്ജ്വല വിജയവും ഓസ്ട്രേലിയ കൈവരിച്ചു. എന്നാൽ ടീമിലെ താരങ്ങളുമായുള്ള ലാം​ഗറിന്റെ ബന്ധം വളരെ മോശമാണെന്നാണ് സൂചനകളിൽ. ഡ്രെസിങ് റൂമിന്റെ നിയന്ത്രണം ലാം​ഗറിന് നഷ്ടമായെന്നാണ് മാധ്യമറിപ്പോർട്ടുകൾ. പരിശീലകസ്ഥാനത്ത് തുടരനാണ് ലാം​ഗറിന് താൽപര്യം. ഇക്കാര്യം അദ്ദേഹം അധികൃതരെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ കരാർ പുതുക്കാൻ സാധ്യത വിരളമാണെന്നാണ് വാർത്തകൾ.

ലാം​ഗറിന് പകരമായി സൂപ്പർ പരിശീലകൻ ട്രെവർ ബെയ്ലിസിനെ കൊണ്ടുവരാനാണ് ഓസ്ട്രേലിയയുടെ പദ്ധതിയെന്നാണ് ​ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയൻ പരിശീലകനായ ബെയ്ലിസ് ഇം​ഗ്ലണ്ടിലെ ലോകകപ്പ് ജേതാക്കളാക്കിയാണ് ശ്രദ്ധേയനായത്. മുമ്പ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ജേതാക്കളാക്കിയതും ബെയ്ലിസാണ്.