SHARE

പരിക്കിനെത്തുടർന്ന് ഇന്ത്യയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ കളിക്കാനില്ലാതിരുന്ന ഓസ്ട്രേലിയൻ സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ, രണ്ടാം ടെസ്റ്റിലും കളിക്കുന്ന കാര്യം സംശയത്തിൽ. നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ വാർണർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപ് പൂർണ ഫിറ്റ്നസിലെത്തുന്ന കാര്യം സംശയമാണ്. ഇതാണ് രണ്ടാം ടെസ്റ്റിലും സൂപ്പർ താരം കളിക്കുന്ന കാര്യം സംശയത്തിലാക്കിയത്.

ഇന്ത്യയ്ക്കെതിരായ ത്രിദിന പരിശീലന മത്സരത്തിനിടെ പരിക്ക് പറ്റിയ യുവ താരം വിൽ പുകുവോസ്കിയും രണ്ടാം ടെസ്റ്റിൽ കളിക്കാനുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. പരിശീലന മത്സരത്തിനിടെ കൺകഷൻ സംഭവിച്ച താരവും നിലവിൽ പൂർണ ഫിറ്റ്നസിൽ അല്ലെന്നാണ് വാർത്തകൾ.

അതേ സമയം വാർണർക്ക് പകരം യുവ ഓൾ റൗണ്ടർ കാമറോൺ ഗ്രീനിനായിരുന്നു ആദ്യ ടെസ്റ്റിൽ ടീമിലേക്ക് നറുക്ക് വീണത്. വാർണറുടെ ഓപ്പണിംഗ് സ്ഥാനത്തേക്ക് മാത്യു വേഡിന് പ്രൊമോഷനും ലഭിച്ചിരുന്നു. വേഡ്-ജോ ബേൺസ് ജോഡിയായിരുന്നു വാർണർ, പുകുവോസ്കി എന്നിവരുടെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ ഓസീസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.‌ രണ്ടാം ടെസ്റ്റിലും വാർണറും, പുകുവോസ്കിയും കളിക്കാനിറങ്ങിയില്ലെങ്കിൽ ആദ്യ മത്സരത്തിലെ ഓപ്പണിംഗ് ജോഡിയെ തന്നെയായിരിക്കും മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റിലും ഓസ്ട്രേലിയ കളത്തിലിറക്കുക.