SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നാളെ ആരംഭിക്കാനിരിക്കുന്ന മുഴുനീള‌ പരമ്പരയിൽ കമന്ററി പറയാൻ ഇന്ത്യൻ സൂപ്പർ താരങ്ങളായ ഗൗതംഗംഭീറും, റോബിൻ ഉത്തപ്പയും. പരമ്പരയിലെ കമന്റേറ്റർമാരുടെ ലിസ്റ്റ് സോണി പിക്ചേഴ്സ് നെറ്റ് വർക്ക് പുറത്ത് വിട്ടപ്പോൾ ഇരുവരും പട്ടികയിൽ ഇടം പിടിച്ചു. നിലവിൽ രഞ്ജി ട്രോഫി ടീമുകളിലുള്ള ഇരുവരും കമന്ററി പാനലിലും ഉൾപ്പെട്ടിരിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് വലിയ കൗതുകമാണ് നൽകുന്നത്.

2008 ലും 2011 ലും ഓസീസ് പര്യടനം നടത്തിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഗൗതം ഗംഭീറിന്റെ കമന്റേറ്ററെന്ന നിലയിലുള്ള അരങ്ങേറ്റം കൂടിയാണ് ഇത്. നിലവിൽ ഡെൽഹിയുടെ രഞ്ജി താരമാണ് ഗംഭീറെങ്കിൽ, തന്റെ സ്വന്തം ടീമായ കർണാടക വിട്ട്, സൗരാഷ്ട്രയ്ക്ക് വേണ്ടിയാണ് ഇപ്പോൾ റോബിൻ ഉത്തപ്പ കളിക്കുന്നത്. ഇരുവർക്കും പുറമേ ഹർഭജൻ സിംഗിന്റെ പേരും സോണി പുറത്ത് വിട്ട കമന്റേറ്റർ പാനലിലുണ്ട്.

അതേ സമയം തകർപ്പൻ കമന്ററി പാനലിനെയാണ് ഇന്ത്യ-ഓസീസ് പരമ്പരയിൽ സോണി അവതരിപ്പിക്കുന്നത്. സുനിൽ ഗവാസ്കർ, മൈക്കൽ ക്ലാർക്ക്, ഹർഷ ഭോഗ്ലെ, ഗൗരവ് കപൂർ, സഞ്ജയ് മഞ്ജരേക്കർ, മുരളി കാർത്തിക്, മൊഹമ്മദ് കൈഫ്, ആശിഷ് നെഹ്റ, മാർക് ബുച്ചർ, നിക്ക് നൈറ്റ് എന്നിവരും ഓസീസിലെ കളി പറയാനുണ്ടാകും.