SHARE

ഈ വർഷാവസാനം ഇന്ത്യയ്ക്കെതിരെ നടക്കുന്ന ക്രിക്കറ്റ് പരമ്പരയുടെ മത്സരക്രമം ഓസ്ട്രേലിയ ഇന്ന് പുറത്ത് വിട്ടു. എങ്കിലും ഒരു കാര്യം ഇപ്പോളും അനിശ്ചിതത്വത്തിലാണ്. വേറൊന്നുമല്ല പരമ്പരയിലെ ഒരു ടെസ്റ്റ് ഡേ-നൈറ്റ് മത്സരമായി നടത്താൻ പറ്റുമോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. ഇപ്പോളും ഇക്കാര്യത്തിൽ ഇന്ത്യയുടെ തീരുമാനമറിയാൻ കാത്ത് നിൽക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യ ഡേ-നൈറ്റ് മത്സരത്തിന് സമ്മതംമൂളുമെന്നാണ് അവരുടെ പ്രതീക്ഷ.

നവംബർ 20 ന് നടക്കുന്ന ഗാബാ ടെസ്റ്റോടെ ആരംഭിക്കുന്ന പരമ്പരയിലെ, അഡലെയ്ഡ് ആതിഥേയരാവുന്ന മൂന്നാം ടെസ്റ്റ് മത്സരം പകലും രാത്രിയുമായി നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രമം. അന്താരാഷ്ട്ര തലത്തിൽ ഇത് വരെ നടന്ന 9 ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ആതിഥേയത്വം വഹിച്ച സ്റ്റേഡിയമാണിത്.

എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ അനുകൂല തീരുമാനമെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും, പരിശീലകൻ രവിശാസ്ത്രിയും ഓസീസിനെതിരെ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള വിയോജിപ്പ് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് മത്സരപരിചയം കുറവായതിനാൽ ഓസീസിനെതിരെ ഡേ-നൈറ്റ് മത്സരം നടത്തിയാൽ എതിരാളികൾക്ക് അത് മുൻ തൂക്കം നൽകുമെന്നതായിരുന്നു ഇതിന് കാരണമായി ഇന്ത്യൻ നായകൻ പറഞ്ഞത്. അതേ സമയം വെസ്റ്റിൻഡീസിനെതിരെ ഈ വർഷം ഇന്ത്യ തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് മത്സരം കളിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. രാജ്കോട്ടോ, ഹൈദരാബാദോ ആയിരിക്കും ഈ മത്സരത്തിന് വേദിയാവുക.