SHARE

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 366 റൺസിന്റെ കൂറ്റൻ ജയം. മത്സരത്തിൽ ഓസീസ് ഉയർത്തിയ 516 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക അവരുടെ രണ്ടാമിന്നിംഗ്സിൽ 149 റൺസിൽ പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കിന്റെ തീപ്പൊരി ബോളിംഗാണ് ഓസീസിന് വിജയം സമ്മാനിച്ചത്. രണ്ടിന്നിംഗ്സുകളിലുമായി 10 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക്കാണ് കളിയിലെ കേമൻ. സ്കോർ : ഓസ്ട്രേലിയ – 534/5 ഡിക്ലയേഡ്, 196/3 ഡിക്ലയേഡ്. ശ്രീലങ്ക -215, 149. വിജയത്തോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കി (2-0).

ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 17/0 എന്ന നിലയിലാണ് നാലാം ദിനം ബാറ്റിംഗ് തുടങ്ങിയത്. 28 റൺസെടുക്കുമ്പോളേക്ക് രണ്ട് ലങ്കൻ വിക്കറ്റുകൾ വീണു. പിന്നീട് അവർക്ക് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റും, പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങിയതോടെ ലങ്കൻ സ്കോർ വെറും 149 ൽ അവസാനിക്കുകയായിരുന്നു. 42 റൺസെടുത്ത കുശാൽ പെരേരയാണ് അവരുടെ ടോപ്‌സ്കോറർ. ലാഹിരു തിരിമാനെ 30 റൺസും, നിറോഷാൻ ഡിക്ക് വെല്ല 27 റൺസും നേടി.