SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. ഒരു ഘട്ടത്തിൽ 104/1 എന്ന സ്കോറിലായിരുന്ന അവർ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 170/7 എന്ന നിലയിലാണ്. 4 വിക്കറ്റെടുത്ത പേസ് ബൗളർ കാഗിസോ റബാഡയാണ് ഓസ്ട്രേലിയൻ ബാറ്റിംഗിനെ തകർച്ചയിലേക്ക് തള്ളിയിട്ടത്.

പോർട്ട് എലിസബത്തിലെ സെന്റ് ജോർജ്ജ് പാർക്കിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും, കാമറോൺ ബാങ്ക്രോഫ്റ്റും ചേർന്ന് സമ്മാനിച്ചത്. ആദ്യ സെഷന്റെ അവസാന ഓവറിൽ 38 റൺസെടുത്ത ബാങ്ക്രോഫ്റ്റിനെ വീഴ്ത്തി ഫിലാൻഡറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്.

രണ്ടാം സെഷനിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ വിളയാട്ടമായിരുന്നു. സ്റ്റീവ് സ്മിത്തിനേയും, ഷോൺ മാർഷിനേയും, മിച്ചൽ മാർഷിനേയും റബാഡ പുറത്താക്കിയപ്പോൾ 63 റൺസെടുത്ത മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ഡേവിഡ് വാർണറെ ലുംഗി എങ്കിടിയാണ് പവലിയനിലേക്ക് മടക്കി അയച്ചത്.

നേരത്തെ ഡർബനിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ 118 റൺസിന് ജയിച്ചിരുന്നു. ഈ മത്സരവും വിജയിച്ച്  പരമ്പരയിൽ 2-0 ന് മുന്നിലെത്താൻ സന്ദർശകർ ലക്ഷ്യമിടുമ്പോൾ, രണ്ടാം ടെസ്റ്റിൽ വിജയിച്ച് പരമ്പരയിൽ ഒപ്പമെത്തുകയാണ് ആതിഥേയരുടെ ലക്ഷ്യം.