SHARE

ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ താനും, പീറ്റർ സിഡിലും കളിച്ചത് കളിക്കിടെ സംഭവിച്ച പരിക്കും വെച്ച് കൊണ്ടാണെന്ന് ഓസ്ട്രേലിയൻ നായകൻ ടിം പെയിൻ. ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയക്ക് നൽകിയ കോളത്തിലായിരുന്നു പെയിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ആഷസ് ടെസ്റ്റിൽ പരിക്കും വെച്ച് കൊണ്ട് താരങ്ങൾ കളിച്ചെന്ന വാർത്ത പുറത്ത് വന്നത് ആരാധകർക്ക് അല്പം ഞെട്ടൽ സമ്മാനിക്കുന്നുണ്ട്.

വലത് തള്ളവിരലിനേറ്റ പരിക്കായിരുന്നു അഞ്ചാം ആഷസ് ടെസ്റ്റിനിടെ പെയിന് വിനയായത്. ഇതിനെ വകവെക്കാതെയാണ് താരം മത്സരത്തിൽ കളിച്ചത്. പേസ് ബൗളർ പീറ്റർ സിഡിലിനാകട്ടെ ഇടുപ്പിനായിരുന്നു പരിക്ക്. മത്സരത്തിൽ സിഡിൽ പന്തെറിഞ്ഞതും പരിക്കിനെ വകവെയ്ക്കാതെയാണ്. ആഷസ് പരമ്പര അവസാനിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പെയിന്റെ ഈ വെളിപ്പെടുത്തൽ.

നേരത്തെ അവസാന മത്സരത്തിൽ സിഡിൽ അത്ര നന്നായി പന്തെറിഞ്ഞില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പെയിന്റെ മറുപടി ഇങ്ങനെ, ” പലരും അദ്ദേഹം നന്നായി കളിച്ചില്ലെന്ന് വിമർശിച്ചു. പക്ഷേ ഓസീസ് ടീമിന് മാത്രമേ അദ്ദേഹം എത്രത്തോളം വലിയ ഹീറോ ആണെന്ന് അറിയൂ. പരിക്കായിട്ടും കളിക്കാതെ മാറി നിൽക്കാൻ അദ്ദേഹം തയ്യാറായില്ല. ഹേസൽവുഡിനേയും, പാറ്റ് കമ്മിൻസിനേയും കൊണ്ട് അമിത ജോലി ചെയ്യിപ്പിക്കാൻ സിഡിൽ ഇഷ്ടപ്പെട്ടിരുന്നില്ല. സിഡിൽ ഒരു പോരാളിയാണ്. അദ്ദേഹത്തെ ഞങ്ങൾ ഏറെ ആഴത്തിൽ സ്നേഹിക്കുന്നു. ” ഓസീസ് നായകൻ എഴുതി‌.