SHARE

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസമായ ഡോൺ ബ്രാഡ്മാൻ ആദ്യമായി ടെസ്റ്റിൽ ഉപയോഗിച്ച തൊപ്പി (ബാഗി ഗ്രീൻ) ലേലത്തിൽ വിറ്റു പോയത് 450,000 ഓസ്ട്രേലിയൻ ഡോളറിന് (ഏകദേശം രണ്ടരക്കോടി ഇന്ത്യൻ രൂപ). ഓസ്ട്രേലിയൻ ബിസിനസുകാരനായ പീറ്റർ ഫ്രീഡ്മാനാണ് ഇത്ര വലിയ തുകയ്ക്ക് ഇതിഹാസ താരത്തിന്റെ തൊപ്പി ലേലം കൊണ്ടത്.‌ ടെസ്റ്റ് അരങ്ങേറ്റത്തിൽ ബ്രാഡ്മാൻ ധരിച്ച തൊപ്പിയുമായി ഓസ്ട്രേലിയയിൽ മുഴുവൻ പര്യടനം നടത്താൻ ഫ്രീഡ്മാൻ പദ്ധതിയിട്ടതായാണ് പുറത്ത് വരുന്ന വാർത്തകൾ.

അതേ സമയം ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ലേലത്തുകയുടെ കാര്യത്തിൽ രണ്ടാമതാണ് ഇപ്പോൾ ബ്രാഡ്മാന്റെ ടെസ്റ്റ് ക്യാപ്പ്. നേരത്തെ ഈ വർഷമാദ്യം ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നറായ ഷെയിൻ വോണിന്റെ തൊപ്പി ലേലത്തിൽ പോയത് ഏകദേശം 5.61 കോടി രൂപയ്ക്കായിരുന്നു. ഇതാണ് ലേലത്തിൽ ഏറ്റവും വലിയ തുക ലഭിച്ച ക്രിക്കറ്റ് വസ്തു‌.

അതേ സമയം 1928 ൽ ഇംഗ്ല‌ണ്ടിനെതിരെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ധരിച്ച ഈ തൊപ്പി 1959 ൽ ബ്രാഡ്മാൻ തന്റെ കുടുംബ സുഹൃത്തായ പീറ്റർ ഡൻഹാമിന് സമ്മാനിക്കുകയായിരുന്നു. അഡലെയ്ഡിൽ ബ്രാഡ്മാന്റെ അയൽക്കാരനായിരുന്ന ഡൻഹാം കഴിഞ്ഞയിടയ്ക്ക് തട്ടിപ്പു കേസിൽ ജയിലിലായിരുന്നു. നിക്ഷേപകരിൽ നിന്ന് വൻ തുക, തട്ടിപ്പ് നടത്തി സ്വന്തമാക്കിയതിനായിരുന്നു ഇത്. ഇതിനെത്തുടർന്നായിരുന്നു ഡൻഹാമിന്റെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള ബ്രാഡ്മാന്റെ തൊപ്പി ലേലം ചെയ്യാൻ ട്രസ്റ്റി നിർദ്ദേശിച്ചത്. ഡൻഹാമിന്റെ തട്ടിപ്പിന് ഇരയായവർക്ക് ലേലത്തിൽ നിന്നുള്ള പണം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്