SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇന്ന് മെൽബണിൽ ആരംഭിച്ച മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഓസീസ് നായകൻ ടിം പെയിൻ, ടോസിംഗിനായെത്തിയപ്പോൾ എഴ് വയസുകാരൻ ആർചി ഷില്ലറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഓസീസ് ടെസ്റ്റ് ടീമിന്റെ ബാഗി ഗ്രീൻ ക്യാപ്പുമണിഞ്ഞെത്തിയ ഷില്ലറോട് ടീമംഗങ്ങളോടായി എന്തെങ്കിലും പറയാനുണ്ടോയെന്ന് ഇതിനിടയിൽ ചോദിച്ചു. സിക്സറുകൾ അടിക്കൂ, വിക്കറ്റുകൾ നേടൂ എന്നതായിരുന്നു ഷില്ലർക്ക് ഓസീസ് താരങ്ങൾക്ക് നൽകാനുണ്ടായിരുന്ന ഉപദേശം.

7 വയസിനിടെ 13 തവണ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ആർചി ഷില്ലറുടെ ഏറ്റവും വലിയ ആഗ്രഹം ഓസീസ് ക്രിക്കറ്റ് ടീമിൽ അംഗമാവുകയായിരുന്നു. വെറും മൂന്ന് മാസം പ്രായമുള്ളപ്പോൾ ആദ്യ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഷില്ലറുടെ ആഗ്രഹം ‘മേക്ക് എ വിഷ് ഓസ്ട്രേലിയ’ എന്ന സംഘടനയാണ് സഫലമാക്കിയത്. ഓസീസ് നായകൻ ടിം പെയിനാണ് ബോക്സിംഗ് ഡേ ടെസ്റ്റിന് മുൻപ് ഷില്ലർക്ക് ബാഗി ഗ്രീൻ ക്യാപ്പ്‌സമ്മാനിച്ചത്. ലെഗ് സ്പിന്നറായ ഷില്ലർക്ക് വൈറ്റ്സ് നൽകിയത് അവന്റെ പ്രിയ താരം നഥാൻ ലിയോണും.