SHARE

റഷ്യയില്‍ വീണ്ടും കപ്പുയര്‍ത്താന്‍ തയാറെടുക്കുന്ന ജര്‍മനിക്ക് ലോകകപ്പിന് മുമ്പേ ഷോക് ട്രീറ്റ്‌മെന്റ്. സന്നാാഹ മത്സരത്തില്‍ അത്രയൊന്നും ശക്തരല്ലാത്ത ഓസ്ട്രിയയ്ക്ക് മുന്നില്‍ 2-1നാണ് ജോക്കിം ലോയുടെ ശിക്ഷ്യന്മാര്‍ തോറ്റമ്പിയത്. 53 മിനിറ്റ് വരെ മെസ്യൂട്ട് ഓസിലിന്റെ ഗോളില്‍ മുന്നിട്ടു നിന്നശേഷമായിരുന്നു ജര്‍മന്‍ പതനം.

പരിക്കിന്റെ പിടിയിലായിരുന്ന മാനുവേല്‍ ന്യൂവര്‍ ജര്‍മന്‍ വലയ്ക്ക് കീഴെ എത്തിയതായിരുന്നു മത്സരത്തില്‍ ആരാധകരെ ഏറെ സന്തോഷിപ്പിച്ചത്. 4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങിയ ജര്‍മനിക്ക് പതിനൊന്നാം മിനിറ്റില്‍ തന്നെ വലകുലുക്കാനായി. മെസ്യൂട്ട് ഓസിലായിരുന്നു സ്‌കോറര്‍. കളി പുരോഗമിച്ചതോടെ ഓസ്ട്രിയ മികച്ച ചില മുന്നേറ്റങ്ങളുമായി ന്യൂവറെ പരീക്ഷിച്ചു കൊണ്ടിരുന്നു.

മുപ്പത്തിയൊന്നാം മിനിറ്റില്‍ ഓസ്ട്രിയ ഒപ്പമെത്തിയെന്ന് തോന്നിച്ചതാണ്. എന്നാല്‍ ന്യൂവറിന്റെ സമയോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0ത്തിന് ജര്‍മനി തന്നെയായിരുന്നു മുന്നില്‍. രണ്ടാം പകുതിയില്‍ മറ്റൊരു ഓസ്ട്രിയയെ ആണ് കളത്തില്‍ കണ്ടത്. അന്‍പത്തിമൂന്നാം മിനിറ്റില്‍ മനോഹരമായൊരു ഗോളിലൂടെ ഹിറ്റെര്‍ഗീര്‍ അവരെ ഒപ്പമെത്തിച്ചു.

അപ്രതീക്ഷിത ഗോളില്‍ ഞെട്ടിയ ലോകചാമ്പ്യന്മാര്‍ക്ക് 69മത്തെ മിനിറ്റില്‍ അടുത്ത പ്രഹരമെത്തി. അലക്‌സാന്‍ഡ്രോ സ്‌കൂഫിന്റെ വക ഗോള്‍. 2-1ന് പിന്നിലായതോടെ തിരിച്ചടികള്‍ സകല വഴികളും തേടിയെങ്കിലും ഓസ്ട്രിയന്‍ പ്രതിരോധത്തിന് മുന്നില്‍ ജോക്കിം ലോയുടെ കുട്ടികള്‍ നിസഹായരായി.